ദോഹ: ഖത്തറിലെ ഒരു ബാങ്കില്‍ നിന്ന് 61 കോടി രൂപയിലധികം രൂപ വായ്പാ ഫണ്ട് അനധികൃതമായി വകമാറ്റിയ കേസില്‍ മലയാളി അറസ്റ്റില്‍. വായ്പാ തട്ടിപ്പ് കേസില്‍ കണ്ണൂര്‍ സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്. തലശ്ശേരി സ്വദേശി ഇസ്മായില്‍ ചക്കരത്താണ് പിടിയിലായത്. ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ ശേഷം ഡിസംബര്‍ 10 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി ഫെഡറല്‍ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു.
ഖത്തറിലെ യുണൈറ്റഡ് ബാങ്ക് ലിമിറ്റഡില്‍ നിന്ന് 30,643,204 ഖത്തര്‍ റിയാല്‍ (ഏകദേശം 61.3 കോടി രൂപ) വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസില്‍ കേരള പോലീസ് ക്രൈംബ്രാഞ്ച് ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്തത്. ഖത്തറിലെ ഗ്രാന്‍ഡ് മാര്‍ട്ട് ട്രേഡിംഗിന്റെ ബിസിനസ് വികസനത്തിനായാണ് വായ്പ എടുത്തത്.
വായ്പ തിരിച്ചടയ്ക്കുകയോ വിനിയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും ബിസിനസ് വിപുലീകരണത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യത്തിനായി ഇത് ഇന്ത്യയിലേക്ക് ‘നിയമവിരുദ്ധമായി വഴിതിരിച്ചുവിട്ടു’ എന്നും ഇഡി കണ്ടെത്തി. ഇത് ഖത്തര്‍ ബാങ്കിനെ ഫണ്ട് വീണ്ടെടുക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് തടഞ്ഞതായും അന്വേഷണത്തില്‍ തെളിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. വായ്പാ തുക ഇന്ത്യയിലേക്ക് തിരിച്ചുവിട്ടതായും വയനാട്ടിലെ ബിനാമി ഇടപാടുകളില്‍ നിക്ഷേപിച്ചതായും ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും ഇഡി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
