സോഷ്യല്‍ മീഡിയയിലൂടെ തൊഴില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

scam alert

അബുദാബി: സോഷ്യല്‍ മീഡിയയിലൂടെയുള്ള തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്. ആകര്‍ഷക ശമ്പളം, ആനുകൂല്യം, കുറഞ്ഞ ജോലി, സമ്മാനപദ്ധതി തുടങ്ങിയ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

തൊഴില്‍ അന്വേഷകരെയും പാര്‍ട്ടൈം ജോലി ചെയ്യുന്നവരെയുമാണ് സംഘം പ്രധാനമായി ലക്ഷ്യമിടുന്നത്. ലളിതമായ ജോലിക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുക, ചെറിയ തുക ആദ്യം നല്‍കി ആകര്‍ഷിക്കുക, ഒളിഞ്ഞിരിക്കുന്ന ഫീസും മറ്റു ചെലവുകളും മറച്ചുവയ്ക്കുക, മുന്‍കൂറായി പണമോ നിക്ഷേപമോ ആവശ്യപ്പെടുക, വിശ്വാസത്തിലെടുത്ത ശേഷം വലിയ തുക ആവശ്യപ്പെടുക, വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും നല്‍കാന്‍ നിര്‍ബന്ധിക്കുക, കമ്പനിയെക്കുറിച്ചോ ഇടപാടുകളെ കുറിച്ചോ സുതാര്യതയില്ലായ്മ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ജാഗ്രത വേണം.

ജോലിയോ സമ്മാനമോ നിക്ഷേപ അവസരമോ മറ്റോ വാഗ്ദാനം ചെയ്യുന്ന കമ്പനിയെക്കുറിച്ച് വിശദമായി പഠിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവരുമായി ബന്ധപ്പെടാവൂ. വ്യക്തിഗത, ബാങ്ക് വിവരങ്ങള്‍ ഒരുതരത്തിലും കൈമാറരുത്. സംശയാസ്പദമാണെങ്കില്‍ പൊലീസിലോ സൈബര്‍ വിഭാഗത്തിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ് വഴിയോ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് കൈമാറുന്നതിന് നിശ്ചിത ലിങ്കില്‍ പ്രവേശിച്ച് വ്യക്തിഗത, ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്ന തട്ടിപ്പുണ്ട്. ഇത്തരം ലിങ്കുകളില്‍ പ്രവേശിച്ച് രഹസ്യവിവരങ്ങള്‍ നല്‍കിയാല്‍ ബാങ്ക് അക്കൗണ്ട് കാലിയാകും. പ്രമുഖരുടെയോ കമ്പനികളുടെയോ വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും സൃഷ്ടിച്ചും തട്ടിപ്പ് നടത്തുന്നതും വ്യാപകമാണ്. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നവര്‍ മുന്‍കൂര്‍ ഫീസ് ആവശ്യപ്പെടുന്നെങ്കില്‍ സൂക്ഷിക്കണം. അറിയാത്ത സ്രോതസ്സില്‍ നിന്നുള്ള വിദൂര ജോലി വാഗ്ദാനവും നഷ്ടത്തില്‍ കലാശിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബാങ്കുകളില്‍ നിന്നാണെന്നും യുഎഇ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നാണെന്നും പറഞ്ഞ് ഫോണ്‍, വാട്‌സാപ്, ഇമെയില്‍ വഴി സമീപിക്കുന്നവരെയും സംശയത്തോടെ കാണണം. കുറഞ്ഞ കാലയളവിലേക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് എത്തുന്നവരെയും കരുതിയിരിക്കണം. വ്യാജ സാക്ഷ്യപത്രങ്ങളിലും കെട്ടിച്ചമച്ച വിജയഗാഥകളിലും വീഴരുതെന്നും എംബസി നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading