കുവൈത്ത് സിറ്റി: കുവൈത്തില്‍ റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ – സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റിന്റെ പ്രതിവാര യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്.
കുവൈത്തിലെ റസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റ് താമസ ഇടങ്ങളിലുമുള്ള വ്യാപാരം നിരോധിക്കുക, പ്രവാസികളെ നാടുകടത്തുകയും പുറത്താക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിശ്ചയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പ്രവാസികളുടെ താമസാവകാശം സംബന്ധിച്ച കരട് ഉത്തരവിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കരട് നിയമത്തില്‍ 36 ആര്‍ട്ടിക്കിളുകള്‍ അടങ്ങിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
എന്‍ട്രി വിസ, റസിഡന്‍സ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവാസികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങള്‍, വിസ കച്ചവടം, വിസ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ കരട് നിയമം. പ്രവാസിയുടെ റസിഡന്‍സ് വിസ, താല്‍ക്കാലിക വിസ, വിസിറ്റ് വിസ എന്നിവയുടെ കാലാവധി തീരുകയും വിസ പുതുക്കാതെ പ്രവാസി രാജ്യത്ത് തന്നെ തുടരുകയും ചെയ്യുന്ന പക്ഷം അക്കാര്യം പ്രവാസികളുടെ സ്പോണ്‍സര്‍മാര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന വ്യവസ്ഥയാണ് കരട് നിയമത്തിലെ മറ്റൊരു പ്രധാന കാര്യം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
