പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പോലീസിന്റെ പാതിരാ പരിശോധന; വ്യാപക പ്രതിഷേധം

cong

പാലക്കാട്: കേരളത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ഇന്നലെ പാതിരാത്രി പോലീസ് പരിശോധന നടത്തി. യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന.

അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയ പോലീസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന റൂമുകളില്‍ പരിശോധന നടത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പോലീസ് കയറി പരിശോധിച്ചു. കോണ്‍ഗ്രസ് വനിതാ നേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പൊലീസ് പരിശോധനയ്ക്കെത്തി. വെളുപ്പിനെ മൂന്ന് മണിവരെ ഹോട്ടലില്‍ പരിശോധന നീണ്ടു.

അതേസമയം തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധയാണ് നടന്നതെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി പ്രതികരിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എഎസ്പി പറഞ്ഞു. സാധാരണ നടക്കുന്ന പതിവ് പരിശോധനയാണ് ഇതെന്നും ആരുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധന അല്ലെന്നും അവര്‍ വ്യക്തമാക്കി. എല്ലാ ആഴ്ചയും ഇലക്ഷന്റെ ഭാഗമായി നടക്കുന്ന പരിശോധന ആണിത്. എപ്പോഴും വനിത പൊലീസ് ഉണ്ടാകണമെന്നില്ല, വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ആ മുറി പരിശോധിച്ചില്ല. ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ചത് ഭര്‍ത്താവ് കൂടെയുള്ളപ്പോഴാണ്. ഈ ഹോട്ടല്‍ മാത്രമല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എഎസ്പി പറഞ്ഞു. കള്ളപ്പണം ഉണ്ടെന്ന ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നും പ്രതിഷേധത്തിന് പിന്നാലെ സംഭവ സ്ഥലത്തെത്തിയ എഎസ്പി അശ്വനി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ ഇന്നലെ രാത്രി പോലീസെത്തിയത് സിപിഎം നിര്‍ദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പൊലീസ് കള്ളം പറഞ്ഞു. വ്യാജരേഖയുണ്ടാക്കി. 2.40 ന് ശേഷം വന്ന ആര്‍ഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയില്‍ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിയില്ലെന്ന് എഎസ്പി പറഞ്ഞു. എന്നാല്‍ തിരച്ചില്‍ നടത്തിയ പൊലീസുകാര്‍ രഹസ്യ വിവരം കിട്ടിയിട്ടാണ് വന്നതെന്ന് പറഞ്ഞു. എഎസ്പി എല്ലാ മുറികളും പരിശോധിച്ചെന്ന് പറഞ്ഞപ്പോള്‍ സേര്‍ച്ച് നടത്തിയ പൊലീസുകാര്‍ കോണ്‍ഗ്രസുകാരുടെ മുറികള്‍ മാത്രം പരിശോധിച്ചെന്ന് പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ 2 റൂമില്‍ പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്നാണ് എഴുതി തന്നത്. അത് പോലും വ്യക്തമായി എഴുതി തന്നില്ലെന്നും ഷാഫി പറഞ്ഞു.

പോലീസ് റെയ്ഡില്‍ പ്രതിഷേധിച്ച് ഇന്ന്, നവംബര്‍ 6ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് കെപിസിസി അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading