അബുദാബി: യുഎഇയില്‍ ഉന്നത പഠനത്തിനുള്ള എംസാറ്റ് പ്രവേശന പരീക്ഷ നിര്‍ത്തലാക്കി. ഇനിമുതല്‍ പ്ലസ് ടു സയന്‍സ് വിഷയങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മെഡിക്കല്‍- എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടക്കുക. സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനത്തിനും പ്ലസ് ടു മാര്‍ക്ക് പ്രധാന മാനദണ്ഡമാക്കും. ഇനിമുതല്‍ എംസാറ്റ് പ്രവേശന പരീക്ഷ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.
നിലവില്‍ പ്ലസ് ടു പാസ്സായ ശേഷമുള്ള എംസാറ്റ് പ്രവേശന പരീക്ഷയിലെ സ്‌കോര്‍ ആയിരുന്നു മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശനത്തിനും സര്‍വ്വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസത്തിനുമുള്ള മാനദണ്ഡമായി നിശ്ചയിച്ചിരുന്നത്. ഇനിമുതല്‍ മെഡിക്കല്‍ – എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ് ടു തലത്തില്‍ സയന്‍സിനും കണക്കിനും ലഭിക്കുന്ന മാര്‍ക്ക് ആയിരിക്കും പ്രധാന മാനദണ്ഡം.
സര്‍വ്വകലാശാലകളിലെ മറ്റ് വിഷയങ്ങളിലെ പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് പ്രധാന മാനദണ്ഡമാകുന്നതോടൊപ്പം അതത് വിഷയങ്ങളിലെ മാര്‍ക്കും പരിഗണിക്കും. മാത്രമല്ല, സര്‍വ്വകലാശാലകള്‍ക്ക് ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്യാം. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങളില്‍ പ്രവേശനം നേടാനും പുതിയ തീരുമാനം സഹായിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
