തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മാന്നാര്‍ കടലിടുക്കിന് മുകളിലായും ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അതേസമയം കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആലപ്പുഴയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ഹരിപ്പാട് ആനാരി വലിയ പറമ്പില്‍ ശ്യാമള ഉത്തമന്‍ (58) ആണ് മരിച്ചത്. വീയപുരം സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്നു. ജോലിക്കിടെയാണ് ഇടിമിന്നലേറ്റത്. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കഴക്കൂട്ടം സര്‍വീസ് റോഡിലും ടെക്‌നോപാര്‍ക്ക് റോഡിലും വെള്ളം കയറി. ചാക്ക മുട്ടത്തറ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വിഴിഞ്ഞം ഉച്ചക്കടയില്‍ വെള്ളക്കെട്ടുണ്ടായി. മിക്കയിടത്തും വീടുകളില്‍ വെള്ളം കയറി.
കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
