കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും.
കേസിൽ നടൻ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം നൽകി. സുപ്രീംകോടതിയെ സമീപിക്കും മുൻപ് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം. അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
മസ്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാേപക്ഷ കോടതി തള്ളിയത്.
അതേസമയം പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പരാതി നൽകിയ നടി രംഗത്തുവന്നു. കേസിലെ ഡിജിറ്റൽ തെളിവുകൾ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. കേസിലെ രഹസ്യമായ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്നും മാധ്യമങ്ങളിലൂടെ രഹസ്യമായ വിവരങ്ങൾ പുറത്തുവന്നതായും അവർ പറഞ്ഞു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
