ദുബായ്: യുഎഇയില്‍ വീസ ഓണ്‍ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാര്‍ യാത്രയ്ക്കു മുന്‍പ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് അറിയിച്ചു. വിമാനത്താവളത്തില്‍ മര്‍ഹബ സെന്ററില്‍ നിന്ന് വിസ സ്റ്റാംപ് ചെയ്തു ലഭിക്കുന്ന സൗകര്യം ഇനി ഉണ്ടാകില്ലെന്നും മുന്‍കൂട്ടി ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിച്ച് വീസ ലഭിച്ച ശേഷം മാത്രമേ യാത്ര ചെയ്യാവൂവെന്നും ജിഡിആര്‍എഫ്എ വ്യക്തമാക്കി. 14 ദിവസത്തേക്ക് ലഭിക്കുന്ന ഓണ്‍ അറൈവല്‍ വീസ 14 ദിവസത്തേക്കു കൂടി നീട്ടാന്‍ സാധിക്കുമെന്നും അതോറിറ്റി അറിയിച്ചു.
യുഎസ് ഗ്രീന്‍കാര്‍ഡ്, റസിഡന്‍സ് വിസ, യുകെ, യൂറോപ്യന്‍ യൂണിയന്‍ വിസ എന്നിവ ഉള്ളവര്‍ക്കാണ് വീസ ഓണ്‍ അറൈവലിന് അനുമതിയുള്ളത്. നേരത്തെ 150 ദിര്‍ഹമായിരുന്ന വിസയുടെ ഫീസ് 253 ദിര്‍ഹമായി വര്‍ധിപ്പിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ഫീസ് അടയ്ക്കണം. ജിഡിആര്‍എഫ്എയുടെ https://smart.gdrfad.gov.ae എന്ന വെബ്‌സൈറ്റിലാണ് വീസയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്‌പോര്‍ട്ട്, യുകെ/യുഎസ് വീസ, വെളുത്ത ബാക്ഗ്രൗണ്ടിലുള്ള ചിത്രം എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷിച്ച് 48 മണിക്കൂറിനകം വിസ ലഭിക്കും.
അതേസമയം അപേക്ഷകന് യുഎഇയില്‍ പ്രവേശിക്കുന്നതിന് വിലക്കുകള്‍ ഉണ്ടാകരുത്. പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 6 മാസം കാലാവധി ഉണ്ടാകണമെന്നും യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ വീസയ്ക്ക് കുറഞ്ഞത് 6 മാസം കാലാവധിയുണ്ടാകണമെന്നും അതോറിറ്റി വ്യക്തമാക്കി.
