കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്താനായി ക്ലാസ്മുറിയില്‍ സിറിഞ്ച് ഉപയോഗിച്ച പ്രവാസി അധ്യാപികയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 50 കുവൈത്തി ദിനാര്‍ കെട്ടിവെയ്ക്കണമെന്ന നിര്‍ദേശത്തിലാണ് ജാമ്യം അനുവദിച്ചത്. വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുന്നതിനും ക്ലാസ് റൂം നിയന്ത്രിക്കുന്നതിനുമായി സ്‌കൂള്‍ ക്ലിനിക്കില്‍ നിന്ന് ലഭിച്ച സൂചി ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ കുത്തിവച്ചെന്നാണ് കേസ്. സിറിയന്‍ സ്വദേശിയായ അധ്യാപികയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത് .
വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ സൂചി ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞത് പോലെ ആര്‍ക്കും കുത്തിവച്ചിട്ടില്ലെന്നും അധ്യാപികയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം അധ്യാപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
