പാലക്കാട്: കേരളത്തില്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ആശുപത്രികളില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പുമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഉഷ്ണ തരംഗം നിലനില്‍ക്കുന്നതിനാല്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ മെയ് 2 വരെ പാലക്കാട് ജില്ലയിലെ മദ്രസകള്‍ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്
പകല്‍ സമയത്ത്, പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. താപനില മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പും ഉത്തരവിട്ടു.
ഉഷ്ണതരംഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1) പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
2) ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.
3) ധാരാളമായി വെള്ളം കുടിക്കുക.
4) അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
5) കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.
6) നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.
7) വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.
8) വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
9) എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.
10) പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്നും കാലാവസ്ഥാ കേന്ദ്രം അഭ്യര്‍ത്ഥിച്ചു.
