ഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം (ഡിജിസിഎ). വിമാനയാത്രയിലെ പുതിയ സുരക്ഷാ നിയമങ്ങള്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ക്കും ലിഥിയം ബാറ്ററികള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തീപിടിത്തം ഒഴിവാക്കാനാണ് നടപടി.
വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗത്തിനും പൂര്‍ണമായി വിലക്കേര്‍പ്പെടുത്തി. യാത്രയ്ക്കിടെ ഫോണോ മറ്റ് ഗാഡ്ജെറ്റുകളോ പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനും പാടില്ല. വിമാനത്തിലെ സീറ്റുകളിലുള്ള പവര്‍ പോയിന്റുകള്‍ (ഇന്‍-സീറ്റ് പവര്‍) ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതിനും അനുമതിയില്ല. പവര്‍ ബാങ്കുകളും ലിഥിയം ബാറ്ററികളും ഒരു കാരണവശാലും ‘ചെക്ക്-ഇന്‍’ ബാഗുകളില്‍ വയ്ക്കരുത്, ഹാന്‍ഡ് ബാഗേജില്‍ സൂക്ഷിക്കണം, കൂടാതെ അവ യാത്രക്കാരന്റെ പക്കലോ സീറ്റിന് താഴെയോ സുരക്ഷിതമായി സൂക്ഷിക്കണം
ഉപയോഗത്തിലില്ലാത്ത ബാറ്ററികള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാതിരിക്കാന്‍ അവയുടെ ടെര്‍മിനലുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുകയോ ഒറിജിനല്‍ പാക്കിങ്ങില്‍ തന്നെ സൂക്ഷിക്കുകയോ വേണം. വിമാനക്കമ്പനികളും ഇക്കാര്യത്തില്‍ നിയമം കര്‍ശമാക്കിയിട്ടുണ്ട്.
അതേസമയം വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ കൈവശമുള്ള ഫോണോ പവര്‍ ബാങ്കോ അമിതമായി ചൂടാകുകയോ, അതില്‍നിന്ന് പുകയോ ഗന്ധമോ വരികയോ ചെയ്താല്‍ ഉടന്‍ വിമാന ജീവനക്കാരെ വിവരമറിയിക്കണം. മൊബൈല്‍ ഫോണ്‍ സീറ്റിനിടയില്‍ വീണുപോയാല്‍ അത് എടുക്കാനായി സീറ്റ് ചലിപ്പിക്കരുത്. സീറ്റിന്റെ മെക്കാനിസത്തിനിടയില്‍പ്പെട്ട് ബാറ്ററി അമരുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ കാബിന്‍ ക്രൂവിന്റെ സഹായം തേടുകയും വേണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
