തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മറ്റൊരു ബലാൽസംഗ പരാതിയും. പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം.
ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതി നൽകിയതെന്നാണ് റിപ്പോർട്ട്. വളരെനാൾ മുമ്പ് നടന്ന സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് പെൺകുട്ടി തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. അതേസമയം പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു.
സോണിയാഗാന്ധിക്ക് ഇമെയിൽ വഴിയും യുവതി പരാതി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയെക്കുറിച്ചും പരാതിയിൽ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നത്. സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്നും ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു, ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും പെൺകുട്ടി പരാതിയിൽ പറയുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽ നിന്നും പിൻമാറിയെന്നും പരാതിയിൽ പറയുന്നുണ്ട്.
രാഹുലിനെതിരെ പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.47ന് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവിദഗ്ധരുമായി സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
