അമേരിക്ക: ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് അമേരിക്കയിലെ കോടതിയില്‍ കനത്ത തിരിച്ചടി. ബൈജു ഉടന്‍ 1.07 ബില്യന്‍ ഡോളര്‍ (ഏകദേശം 9,600 കോടി രൂപ) അടയ്ക്കണമെന്ന് ഡെലവെയറിലെ പാപ്പരത്ത കോടതി ജഡ്ജി ബ്രന്‍ഡന്‍ ഷാനന്‍ ഉത്തരവിട്ടു. ബൈജൂസിന്റെ അമേരിക്കയിലെ ഉപസ്ഥാപനമായ ബൈജൂസ് അല്‍ഫയില്‍നിന്ന് 533 മില്യന്‍ ഡോളര്‍ (ഏകദേശം 4,700 കോടി രൂപ) ഉള്‍പ്പെടെ കാണാതായ കേസിലാണ് നടപടി.
പണം എവിടെയെന്ന് തെളിയിക്കാനോ കേസ് നടപടികളുടെ ഭാഗമായി കോടതിയില്‍ ഹാജരാകാനോ ബൈജു രവീന്ദ്രന് കഴിഞ്ഞിരുന്നില്ല. നേരത്തേ കോടതി ഉത്തരവ് പാലിക്കാതിരുന്നതിന്, പ്രതിദിനം 10,000 ഡോളര്‍ വീതം ബൈജുവിന് പിഴ വിധിച്ചിരുന്നു. ഇതും അടച്ചിട്ടില്ലെന്നും ഇപ്പോള്‍ ഈയിനത്തിലെ പിഴമാത്രം ലക്ഷക്കണക്കിന് ഡോളര്‍ ആയെന്നും ജഡ്ജി പറഞ്ഞു.
ബൈജൂസ് ആല്‍ഫയില്‍ നിന്ന് 2022ല്‍ മയാമി ആസ്ഥാനമായ ഹെഡ്ജ് ഫണ്ട് സ്ഥാപനമായ (നിക്ഷേപ കമ്പനി) കാംഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യന്‍ ഡോളര്‍ വകമാറ്റിയിരുന്നു. പിന്നീട് 2023ല്‍ മറ്റൊരു 540.6 മില്യന്‍ ഡോളറും ഇത്തരത്തില്‍ മാറ്റി. ഇരു തുകകളും ചേര്‍ത്ത് ആകെ 1.07 ബില്യന്‍ തിരിച്ചടയ്ക്കാനാണ് ഇപ്പോള്‍ കോടതി ഉത്തരവ്. ഈ പണം ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വ്യക്തമാക്കാന്‍ ബൈജൂസ് സ്ഥാപകര്‍ക്ക് കഴിഞ്ഞില്ല. ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും ഇക്കാര്യത്തില്‍ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വീഴ്ച വരുത്തിയെന്നും കോടതി പറഞ്ഞു. കാംഷാഫ്റ്റിന് പണം കൈമാറിയതു സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
