പട്ടാമ്പി: പട്ടാമ്പി മുതുതലയില്‍ എത്തിയ പറവൂര്‍ സ്വദേശി പ്രവാസിയുടെ വീടിനു തീയിട്ട ശേഷം ദേഹത്തു സ്വയം കുത്തി മുറിവേല്‍പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വിദേശത്തു ജോലിചെയ്യുന്ന മുതുതല പുത്തന്‍ കവല മച്ചിങ്ങല്‍ തൊടി കിഴക്കേതില്‍ ഇബ്രാഹിമിന്റെ വീടിനാണ് എറണാകുളം പറവൂര്‍ മാഞ്ഞാലി മാട്ടുപുറം നൈശേരി വീട്ടില്‍ പ്രേംദാസ് തീയിട്ടത്.
ഇബ്രാഹിം തനിക്ക് ഒരു ലക്ഷം രൂപ തരാനുണ്ടെന്നും പല തവണ ചോദിച്ചിട്ടും രൂപ തന്നില്ലെന്നും പറഞ്ഞ് കാര്‍ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറും പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീട് വീടിനകത്തേക്കും പെട്രോള്‍ ഒഴിച്ചു തീയിട്ടതായി വീട്ടുകാര്‍ പറയുന്നു. ഇബ്രാഹിമിന്റെ കുടുംബാംഗങ്ങള്‍ പിന്നിലെ വാതിലിലൂടെ ഇറങ്ങിയോടി വിവരം പറഞ്ഞതോടെ നാട്ടുകാര്‍ ഒാടിക്കൂടി അഗ്‌നിരക്ഷാസേനയിലും പൊലീസിലും വിവരമറിയിച്ചു. അവരെല്ലാം എത്തിയതോടെ കയ്യില്‍ കത്തിയുമായി നിന്നിരുന്ന പ്രേംദാസ് സ്വന്തം കഴുത്തിലും കൈകളിലും കുത്തി മുറിവേല്‍പിച്ചു.
ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച്, പരിസരത്തെല്ലാം പെട്രോള്‍ ഒഴിക്കുകയും ചെയ്തു. കയ്യില്‍ കത്തിയുമായി നിന്ന പ്രേംദാസിനെ പൊലീസും അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു കീഴ്‌പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. രക്തം വാര്‍ന്നു ഗുരുതരാവസ്ഥയിലായ പ്രേംദാസിനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം കാറും ബൈക്കുമെല്ലാം പൂര്‍ണമായും കത്തി നശിച്ചു. വീടിനകത്തു പടര്‍ന്ന തീ അഗ്‌നിരക്ഷാസേന അണച്ചു.
വീടിനു തീയിടുന്നതിനു മുന്‍പ് പ്രേംദാസ് പരിസരപ്രദേശങ്ങളില്‍ ഇബ്രാഹിമിന്റെ ഫോട്ടോ സഹിതമുള്ള നോട്ടിസും വിതരണം ചെയ്തിരുന്നു. ഇബ്രാഹിം പട്ടാമ്പി എന്ന വ്യക്തി തനിക്കു തരാനുള്ള ഒരു ലക്ഷം രൂപ തരാതെ മുങ്ങിനടക്കുകയാണെന്നും സൗദിയില്‍ വച്ചു തന്റെ കാര്‍ രണ്ടു ലക്ഷം രൂപയ്ക്കു വാങ്ങിയ ഇബ്രാഹിം ഒരു ലക്ഷം നല്‍കുകയും ബാക്കി തുക ഘട്ടംഘട്ടമായി നല്‍കാമെന്നു പറയുകയും ചെയ്‌തെന്നും എന്നാല്‍, രണ്ടര വര്‍ഷമായിട്ടും നല്‍കിയില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിടി തരുന്നില്ലെന്നും നോട്ടിസില്‍ പറയുന്നുണ്ട്. പട്ടാമ്പിയില്‍ അന്വേഷിക്കുമ്പോള്‍ വ്യക്തമായ വിവരം കിട്ടുന്നില്ലെന്നും പണമിടപാട് ഉടന്‍ തീര്‍ക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പ്രേംദാസ് പറയുന്നത് യാഥാര്‍ഥ്യമാണോ എന്ന് കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നു പൊലീസ് പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
