ദോഹ: ഖത്തറില്‍ ഇത്തവണത്തെ ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ കാലാവധി നീട്ടിയതായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ 15 ശനിയാഴ്ച വരെയാണ് രജിസ്‌ട്രേഷന്‍ സമയം നീട്ടിയത്. പൊതുജനങ്ങളുടെ ആഗ്രഹവും ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി അഭ്യര്‍ത്ഥനകളും കോളുകളും കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (hajj.gov.qa) വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ആരോഗ്യ ശേഷി സര്‍ട്ടിഫിക്കറ്റ് (മെഡിക്കലി ഫിറ്റ്) രജിസ്‌ട്രേഷന് മുമ്പ് നേടിയിരിക്കണം. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ അംഗീകരിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ആര്‍ക്കും വെബ്സൈറ്റ് വഴി ഹജ്ജ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. തീര്‍ത്ഥാടകര്‍ക്കായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രധാന ആവശ്യകതകളില്‍ ഒന്നാണിതെന്നും അധിതൃതര്‍ ചൂണ്ടിക്കാട്ടി.
രജിസ്‌ട്രേഷന്‍ സമയത്ത് പതിനായിരം ഖത്തര്‍ റിയാല്‍ ഫീസ് അടയ്ക്കണം. ഇത് രജിസ്‌ട്രേഷന്‍ ഫീസല്ലെന്നും അടയ്ക്കുന്ന തുക ഹജ്ജ് യാത്രയുടെ ആകെ ചെലവില്‍ നിന്ന് കുറയ്ക്കുന്ന ഒരു മുന്‍കൂര്‍ പേയ്മെന്റായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ്, ഉംറ കാര്യ വകുപ്പുമായി ഹോട്ട്ലൈന്‍ (132) വഴി നേരിട്ട് ബന്ധപ്പെടണമെന്നും പരാതികള്‍ സമര്‍പ്പിക്കാനും കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ സീസണില്‍ ഖത്തറിന്റെ ക്വാട്ട 4400 തീര്‍ത്ഥാടകരാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
