അബുദാബി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ചിപ്പ് ചേര്‍ത്ത ഇ-പാസ്‌പോര്‍ട്ടിന് ഇന്നുമുതല്‍ അപേക്ഷിക്കാന്‍ കഴിയും. പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലൂടെയാണ് അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ട് സേവാ പദ്ധതിയുടെ ഭാഗമായാണ് പരിഷ്‌കാരം.പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും പുതിയ പോര്‍ട്ടല്‍ വഴിയാണ് സ്വീകരിക്കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അറിയിച്ചു. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നും പറഞ്ഞു.
ചിപ്പില്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കിയായിരിക്കും ഇ-പാസ്‌പോര്‍ട്ട് ലഭ്യമാക്കുക. ഇത് ആഗോള തലത്തില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കൂടുതല്‍ എളുപ്പമാക്കും. https://mportal.passportindia.gov.in/gpsp/AuthNavigation/Login ലിങ്കില്‍ പ്രവേശിച്ച ശേഷം വ്യക്തി വിവരങ്ങള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പുതിയ അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ തെറ്റില്ലാതെ പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കാം. വിജയകരമായി പൂര്‍ത്തിയാക്കിയ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
തുടര്‍ന്ന് വീസ, പാസ്‌പോര്‍ട്ട് സേവന ദാതാക്കളായ ബിഎല്‍എസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് ലിങ്കില്‍ (https://indiavisa.blsinternational.com/uae/appointment/bls_appmnt/login) പ്രവേശിച്ച് അപ്പോയ്ന്‍മെന്റ് ബുക്ക് ചെയ്യണം. ലഭിക്കുന്ന തീയതിയില്‍ പ്രസ്തുത സമയത്ത് ബിഎല്‍എസില്‍ എത്തിയാല്‍ കാത്തിരിപ്പും നടപടിക്രമങ്ങളും കുറയ്ക്കാം. അപേക്ഷയില്‍ എന്തെങ്കിലും തിരുത്തുണ്ടെങ്കില്‍ അധിക നിരക്കു നല്‍കാതെ തിരുത്താനും സാധിക്കും. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മാനദണ്ഡം അനുസരിച്ച് ഫോട്ടോ, ഒപ്പ്, മറ്റു രേഖകള്‍ എന്നിവ പിഎസ്പി പോര്‍ട്ടലില്‍ നേരിട്ട് അപ് ലോഡ് ചെയ്യാനും അവസരമുണ്ട്. അതിനാല്‍ ബിഎല്‍എസ്സില്‍നിന്ന് ഫോട്ടോ എടുക്കണമെന്ന് നിര്‍ബന്ധമില്ല.
അപേക്ഷിക്കുന്ന ഫോട്ടോയും നിബന്ധനകള്‍ പാലിച്ചിരിക്കണം. പാസ്‌പോര്‍ട്ടിനുള്ള ഫോട്ടോയില്‍ 80-85% ഭാഗവും മുഖവും തലയും തോളിന്റെ മുകള്‍ ഭാഗവും ലഭിക്കത്തക്കവിധം ക്ലോസ് അപ് ചിത്രം ആയിരിക്കണം. 630*810 പിക്‌സല്‍ സൈസില്‍ കളര്‍ ഫോട്ടോ ആണ് വേണ്ടത്. മുഖത്തെ വെളിച്ചം കൂടുതലോ കുറവോ പാടില്ല.
സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഫോട്ടോയില്‍ മാറ്റം വരുത്തരുത്. വശങ്ങളിലേക്കു തിരിയാതെ ക്യാമറയിലേക്കു നോക്കുംവിധമാകണം ഫോട്ടോ. ചര്‍മത്തിന്റെ സ്വാഭാവികതയില്‍ മാറ്റം വരുത്തരുത്. ഫോട്ടോയുടെ പശ്ചാത്തലം വെള്ള നിറത്തിലാണ്. നിഴലോ ഫ്‌ലാഷ് ലൈറ്റിന്റെ പ്രതിഫലനം ഉണ്ടാകരുത്. കണ്ണ് ചുവന്ന നിറമാകരുത്. വായ തുറന്ന നിലയില്‍ ആകരുത്. പ്രതിഫലനങ്ങള്‍ ഒഴിവാക്കാന്‍ ഗ്ലാസുകള്‍ നീക്കം ചെയ്യണം. ക്യാമറയില്‍നിന്ന് കുറഞ്ഞത് 1.5 മീറ്റര്‍ അകലം പാലിച്ചാണ് ഫോട്ടോ എടുക്കേണ്ടത്.
മതപരമായ കാരണങ്ങളാലല്ലാതെ ശിരോവസ്ത്രം അനുവദിക്കില്ല. ശിരോവസ്ത്രം ധരിക്കുന്നവരുടെ ഫോട്ടോ നെറ്റി മുതല്‍ താടി വരെ കാണത്തക്ക വിധമായിരിക്കണം എന്നിവയാണ് പുതിയ നിബന്ധനകള്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
