കോട്ടയം: കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികളെ അന്വേഷിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ എത്തി. ബാങ്ക് അധികൃതരുടെ പരാതിയില്‍ കോട്ടയത്തെ വിവിധ സ്റ്റേഷനുകളിലായി എട്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്ത് കോടിയോളം രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയവര്‍ക്കെതിരെയാണ് പരാതി. കുവൈത്ത് അല്‍ അഹ്ലി ബാങ്ക് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയത്.
വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിലായി എട്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇക്കൂട്ടത്തില്‍ 60 ലക്ഷം മുതല്‍ 1.20 കോടി രൂപ വരെ ലോണെടുത്ത് കുടിശ്ശിക ആയവര്‍ ഉണ്ട്. എറണാകുളം ജില്ലയിലും സമാനമായി അധികൃതരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് വര്‍ഷം മുമ്പാണ് ഇവര്‍ ബാങ്കില്‍ നിന്ന് ലോണെടുത്തത്. പിന്നീട് തുക തിരിച്ചടയ്ക്കാതെ രാജ്യം വിട്ടു. തിരിച്ചടവുകള്‍ മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ രാജ്യത്ത് ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇവരെ അന്വേഷിച്ച് അധികൃതര്‍ കേരളത്തിലേക്ക് എത്തിയത്.
നിലവില്‍ കുവൈത്ത് വിട്ട മലയാളികള്‍ മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതായാണ് വിവരം. നഴ്‌സ്, ഡ്രൈവര്‍, മാനേജര്‍ ജോലികള്‍ ചെയ്തിരുന്നവരാണ് ലോണെടുത്ത് മുങ്ങിയവരില്‍ കൂടുതലും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
