ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ 31 വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍. ചെറിയനാട് സ്വദേശി ജയപ്രകാശ് (57) ആണ് പിടിയിലായത്. 1994 ല്‍ കുട്ടപ്പ പണിക്കരെന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇയാളെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് ശേഷം പ്രതി സൗദിയിലേക്ക് കടന്നതിനാല്‍ പിടികൂടാനായിരുന്നില്ല. പിന്നീട് വിദേശത്ത് നിന്ന് നാട്ടിലെത്തി ചെന്നിത്തലയില്‍ വിവാഹം കഴിച്ച ശേഷം വീണ്ടും തിരികെ പോയി. ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ചെന്നിത്തലയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചെറിയനാട് അരിയന്നൂര്‍ശ്ശേരിയില്‍ വെച്ചാണ് ക്രൂരമായ കൊലപാതക നടന്നത്. 1994 നവംബര്‍ 15-ന് രാത്രി 7.15-നായിരുന്നു സംഭവം. കുട്ടപ്പ പണിക്കരെ കല്ല് കൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ച ജയപ്രകാശ് അന്ന് തന്നെ നാടുവിട്ടു. അത്യാസന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടപ്പ പണിക്കര്‍ 1994 ഡിസംബര്‍ 4ന് മരണപ്പെട്ടു. ഇതിനിടെ മുംബൈയിലെത്തിയ പ്രതി, കുട്ടപ്പ പണിക്കര്‍ മരിച്ചെന്ന് അറിഞ്ഞതോടെ സൗദി അറേബ്യയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയി.
പ്രതി വിദേശത്തേക്ക് കടന്നെന്ന് മനസിലാക്കിയ പൊലീസ് അന്വേഷണവും ഇതോടെ മന്ദഗതിയിലായി. 1997 ലാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ വിചാരണ തുടങ്ങാനും സാധിച്ചില്ല. 1999-ല്‍ കോടതി ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാല്‍ പൊലീസ് അറിയാതെ നാട്ടിലെത്തിയ ജയപ്രകാശ് ചെന്നിത്തലയില്‍ നിന്ന് വിവാഹം ചെയ്തു. ചെന്നിത്തല ഒരിപ്രത്ത് താമസവുമാക്കി. പിന്നീട് ഇയാള്‍ സൗദിയിലേക്ക് മടങ്ങിപ്പോയി. ഇടയ്ക്ക് എല്ലാ പ്രവാസികളെയും പോലെ അവധിക്ക് നാട്ടില്‍ വന്ന് മടങ്ങിപ്പോകുന്നത് പതിവായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
