ദോഹ: ഖത്തറില്‍ ദേശീയ രോഗപ്രതിരോധ പരിപാടിയില്‍ ഷിംഗിള്‍സ് വാക്‌സിന്‍ ഉള്‍പ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അമ്പത് വയസ്സിനു മുകളിലുള്ള വ്യക്തികള്‍ക്കും രോഗപ്രതിരോധ സംബന്ധമായ അവസ്ഥകളോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള 19 വയസ്സും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ക്കും രണ്ട് മുതല്‍ ആറ് മാസം വരെ ഇടവേളകളില്‍ രണ്ട് ഡോസുകളായാണ് ഷിംഗിള്‍സ് വാക്‌സിന്‍ നല്‍കുന്നത്.
രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ (PHCC) കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാകും. യോഗ്യതയുള്ള വ്യക്തികള്‍ക്ക് അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ഏതെങ്കിലും പിഎച്ച്‌സിസി ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച് വാക്‌സിന്‍ എടുക്കാന്‍ കഴിയും.
ലോകാരോഗ്യ സംഘടന (WHO), യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC), യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA), യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (EMA) എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ ഷിംഗിള്‍സ് വാക്‌സിന്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഷിംഗിള്‍സ് തടയുന്നതിലും, മുതിര്‍ന്നവരില്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും, ഇതിനകം ബാധിച്ചവരില്‍ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും വാക്‌സിന്റെ ഉയര്‍ന്ന ഫലപ്രാപ്തി അംഗീകരിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള 45-ലധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഫലപ്രദമാണ്. അതിനാലാണ് ഈ വാക്‌സിന്‍ അടുത്തിടെ ദേശീയ രോഗപ്രതിരോധ ഷെഡ്യൂളുകളില്‍ ഉള്‍പ്പെടുത്തിയതെന്നും പൊതുജനാരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
