തിരുവനന്തപുരം: സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയില്‍ നിന്നും 2020-21 കാലഘട്ടത്തില്‍ സൗദി തൊഴില്‍ നിയമ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്താക്കപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തങ്ങളുടെ സേവന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ട നിയമസഹായം നല്‍കണമെന്ന് കേരള ഹൈക്കോടതി ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. പിരിച്ചുവിടപ്പെട്ട അഞ്ച് തൊഴിലാളികള്‍ ചേര്‍ന്ന് പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തോടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
കേരളത്തില്‍ നിന്നുള്ള 140 ഓളം തൊഴിലാളികളെയാണ് കൊവിഡ് കാലത്ത് പിരിച്ചുവിട്ടത്. രണ്ടു മാസത്തിനകം സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് കമ്പനി ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. തുടര്‍ന്ന് തൊഴിലാളികള്‍ എന്‍.ആര്‍.ഐ കമ്മിഷന്‍ (കേരളം) സമീപിച്ചെങ്കിലും എംബസിയില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെന്ന കാരണം പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2025 ആഗസ്റ്റ് 21 നു വന്ന വിധിയില്‍ തൊഴിലാളികളുടെ ദുരവസ്ഥ കോടതി അംഗീകരിക്കുകയും, അവരുടെ പരാതികള്‍ ഇന്ത്യന്‍ എംബസി, സൗദി വിദേശകാര്യ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, തൊഴിലുടമ സൗദി കമ്പനിയായതിനാല്‍ തുടര്‍ന്നുള്ള നടപടി സൗദി സര്‍ക്കാരിന്റെയും തൊഴില്‍ അധികാരികളുടെയും പരിധിയിലാണ് വരുന്നതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ തടയപ്പെട്ട സേവന ആനുകൂല്യങ്ങള്‍ക്കായി തൊഴിലാളികള്‍ സൗദി തൊഴില്‍ മന്ത്രാലയത്തെ സമീപിക്കുന്ന പക്ഷം സൗദിയിലെ ഇന്ത്യന്‍ എംബസി ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
