ഇരിട്ടി: യുഎഇ വീസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്ത മലയാളി അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 1.5 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് അറസ്റ്റ്. സി.കെ.അനീസി(39)നെയാണ് ആറളം പൊലീസ് ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തത്. നൂറിലധികം പേരില്‍ നിന്നാണ് തുക തട്ടിയെടുത്തത്.
കീഴ്പ്പള്ളി പുതിയങ്ങാടിയിലെ മുഹമ്മദ് അജ്സലി (24)ന് യുഎഇ വീസ വാഗ്ദാനം ചെയ്തു 1.4 ലക്ഷം രൂപ തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടി 1 വര്‍ഷം മുന്‍പ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അനീസ് പിടിയിലായത്. അക്കൗണ്ടന്റ് വീസയാണ് വാഗ്ദാനം ചെയ്തത്. മെഡിക്കല്‍ ചെക്കപ്പും മറ്റു പരിശോധനകളും പൂര്‍ത്തിയാക്കി തിരുവനന്തപുരത്തു യുഎഇ കോണ്‍സുലേറ്റിന് മുന്നിലെത്താന്‍ പ്രതി അനീസ് മുഹമ്മദ് അജ്‌സലിനോട് ആവശ്യപ്പെട്ടു.
അനീസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ച ശേഷം യുഎഇ കോണ്‍സുലേറ്റിലെത്തിയ അജ്‌സല്‍ അനീസിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. അതോടെ വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായ മുഹമ്മദ് അജ്‌സല്‍ ആറളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വാട്സാപ് ഗ്രൂപ്പുകളില്‍ നിന്നാണു യുഎഇയിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടു മുഹമ്മദ് അജ്‌സല്‍, അനീസിനെ ബന്ധപ്പെടുന്നത്. ഇവര്‍ തമ്മില്‍ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.
ഒരു വര്‍ഷം മുന്‍പ് പരാതി കിട്ടിയ സമയത്തു തന്നെ മലപ്പുറം വണ്ടൂര്‍ സ്വദേശിയാണു തട്ടിപ്പ് നടത്തിയതെന്നു മനസ്സിലാക്കിയ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അനീസ് മുങ്ങിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവിലേക്ക് താമസം മാറ്റിയതായി കണ്ടെത്തി. ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ ഉപയോഗിച്ച ഫോണും ഫോണ്‍ നമ്പറും പലതവണ മാറ്റിയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ ബെംഗളൂരു മേല്‍വിലാസത്തില്‍ അനീസ് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും സംഘടിപ്പിച്ചിരുന്നു. ബാങ്ക് ഇടപാട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പഞ്ചാബിലെ ജലന്തറിലേക്ക് താമസം മാറിയതായി കണ്ടെത്തി. ജലന്തറിലേക്ക് പോകാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ ഇയാള്‍ ബെംഗളൂരുവിലെ വാടകവീട്ടില്‍ എത്തിയിട്ടുണ്ടെന്നു കണ്ടെത്തി ബെംഗളൂരു പൊലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.
കേരളത്തില്‍ വീസ തട്ടിപ്പ് നടത്തി കൈക്കലാക്കിയ പണം ഉപയോഗിച്ച് അനീസ് ആഡംബര ജീവിതം നയിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ജലന്തറില്‍ സ്ഥലം വാങ്ങി 80 ലക്ഷം രൂപയുടെ വീട് പണിതതായി അനീസ് അന്വേഷണസംഘത്തിന് മൊഴി നല്‍കി. ബെംഗളൂരുവിലെ വാടകവീട്ടില്‍ താമസിക്കുന്നതിനിടെ പഞ്ചാബ് സ്വദേശിനിയെ വിവാഹം കഴിച്ചാണു ജലന്തറിലേക്ക് താമസം മാറിയത്.
ചോദ്യം ചെയ്തു തുടങ്ങിയതില്‍ ഇതുവരെ കേരളത്തില്‍ വിവിധ സ്റ്റേഷനുകളിലായി 15 കേസുകള്‍ ഉള്ളതായാണ് വിവരം ലഭിച്ചത്. തിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 6, പരപ്പന സ്റ്റേഷന്‍ പരിധിയില്‍ 2, കരുവാരക്കുണ്ട്, മൂവാറ്റുപുഴ, കൊട്ടാരക്കര, പൊന്നാനി, മങ്കട, ബേഡകം സ്റ്റേഷനുകളില്‍ ഓരോന്നും കേസുകള്‍. തട്ടിപ്പ് നടത്തി നേടിയ പണവും കേസുകളും അന്വേഷണം കഴിയുന്നതോടെ കൂടുമെന്നാണ് പൊലീസ് നിഗമനം. 200അംഗങ്ങള്‍ ഉള്ള വാട്‌സാപ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ സ്വാധീനിച്ചു പണം നല്‍കിയാണ് വിദേശത്തേക്ക് ആളെ ആവശ്യം ഉണ്ടെന്നു കാട്ടി അനീസ് പരസ്യം നല്‍കിയിരുന്നത്. കൂടുതല്‍ തുക തട്ടാന്‍ സാധിക്കുമെന്നതിനാല്‍ യൂറോപ്പ് വീസ വാഗ്ദാനം ചെയ്ത് ഇരകളെ വീഴ്ത്താനുള്ള നീക്കത്തിലായിരുന്നെന്നു വെളിപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
