അംഗീകൃത ട്രേഡിങ് കമ്പനികളുടെ പേരില്‍ തട്ടിപ്പ്; പ്രവാസി മലയാളിക്ക് നഷ്ടമായത് 13 കോടിയോളം

1q 106

തിരുവനന്തപുരം: അംഗീകൃത ട്രേഡിങ് കമ്പനികളുടെ പേരില്‍ തട്ടിപ്പില്‍ പ്രവാസി മലയാളിക്ക് 13 കോടിയോളം രൂപ നഷ്ടമായതായി പരാതി. കവടിയാര്‍ ജവാഹര്‍ നഗറിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന 69കാരനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയാണ് പണം നഷ്ടമായത്.

വര്‍ഷങ്ങളായി ഷെയര്‍ ട്രേഡിങ് നടത്തുന്ന പ്രവാസിയായ എന്‍ജിനീയറെ അംഗീകൃത ഷെയര്‍ ട്രേഡിങ് കമ്പനികളുടെ പേരിലാണ് തട്ടിപ്പുസംഘം കെണിയില്‍ വീഴ്ത്തിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സമാന്തരമായി രണ്ട് പ്ലാറ്റ്‌ഫോമില്‍ ഇയാള്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയിരുന്നു. ആറുമാസം മുന്‍പ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി 3.75 കോടി രൂപ ഇയാളില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. അതില്‍ പരാതിയുമായി എത്തിയപ്പോള്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ ട്രേഡിങ് നടത്തുന്ന വിവരം പൊലീസില്‍ നിന്നു മറച്ചുവച്ചതായും പോലീസ് അറിയിച്ചു. പിന്നീടാണ് വീണ്ടും 13 കോടി രൂപ കൂടി സംഘം തട്ടിയെടുത്തത്.

ഷെയര്‍ ട്രേഡിങ്ങിലൂടെ അമിതലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് സൈറ്റില്‍ കയറാനുള്ള ലിങ്കുകള്‍ അയച്ചു കൊടുത്തായിരുന്നു വീണ്ടും തട്ടിപ്പ് നടത്തിയത്. പിന്നീട് രണ്ട് ഇ മെയില്‍ ഐഡികളില്‍ നിന്നു സന്ദേശങ്ങള്‍ വന്നു തുടങ്ങി. വ്യക്തിഗത വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം 21,000 രൂപ അയച്ചു കൊടുക്കാന്‍ നിര്‍ദേശിച്ചു. പിന്നീട് വാട്‌സാപ് ഗ്രൂപ്പില്‍ ചേര്‍ത്തു. ഒട്ടേറെ അംഗങ്ങളുള്ള ഗ്രൂപ്പില്‍, പലരും നേട്ടങ്ങളെക്കുറിച്ച് പറഞ്ഞും കോടികള്‍ ലാഭം കിട്ടിയതായി രേഖകള്‍ കാണിച്ചും പരാതിക്കാരനെ വീഴ്ത്തുകയായിരുന്നു.

ആദ്യം കുറച്ചു പണമാണ് നിക്ഷേപിച്ചത്. അടുത്ത ദിവസം പണം ഇരട്ടിയായി ആപ്പില്‍ കാണിച്ചു. ഇതോടെ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. ആകെ 39 അക്കൗണ്ട് നമ്പറുകളിലേക്ക് പണം അയച്ചു. നിക്ഷേപിച്ച പണത്തിനു ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കെന്ന പേരിലും പണം വാങ്ങി. ഇതോടെയാണ് പരാതിക്കാരനു സംശയം തോന്നിയത്. 12.95 കോടി രൂപയാണ് തട്ടിയതെന്നും പരാതിക്കാരന്‍ 38 വര്‍ഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമാണ് നഷ്ടമായതെന്നും സൈബര്‍ ക്രൈം പൊലീസ് പറഞ്ഞു.

കേസില്‍ പ്രതികളെത്തേടി പൊലീസ് സംഘം ഇന്ന് ബംഗ്ലദേശിലേക്കു പോകും. ഗുജറാത്ത്, ബെംഗളൂരു എന്നിവിടങ്ങളിലും അന്വേഷണം നടത്തും. തട്ടിപ്പു സംഘവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading