മലപ്പുറം: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഷമീര്‍ കുടുംബത്തോടൊപ്പം യുഎഇയിലാണ് താമസിക്കുന്നത്. പത്ത് ദിവസമായി അദ്ദേഹം നാട്ടിലേക്ക് എത്തിയതായിരുന്നു. ഓഗസ്റ്റ് നാലിന് എത്തിയ ഷമീര്‍ 10 ദിവസത്തിനകം തിരിച്ചു പോകാനിരിക്കെയാണ് തട്ടിക്കൊണ്ടുപോകല്‍.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ജിഎല്‍പി സ്‌കൂളിന് സമീപത്തു വച്ച്, ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറില്‍ എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴിത്തി ഷമീറിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ സംഘം ഇന്ന് രാവിലെ ഭാര്യയെ വിളിച്ച് 1.6 കോടിയോളം രൂപ ആവശ്യപ്പെട്ടു. ഇതേ മൂല്യത്തില്‍ ദുബായ് ചെക്കുകള്‍ കൈമാറണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. ദുബായിലെ സാമ്പത്തിക ഇടപാടാണ് കാരണമെന്നാണ് സൂചന. ബിസിനസുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
