ദോഹ: ഖത്തറില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയം ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ഖത്തറിലെ എല്ലാ വാഹന വില്‍പ്പന കേന്ദ്രങ്ങളും ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കാത്തതായ പുതിയതോ ഉപയോഗിച്ചതോ ആയ വാഹനങ്ങള്‍ വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇന്നലെ,ഓഗസ്റ്റ് 11 നാണ് മന്ത്രാലയം പുതിയ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
വാണിജ്യ തട്ടിപ്പില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാഹന വ്യവസായ വിപണിയില്‍ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. 2025 ലെ സര്‍ക്കുലര്‍ നമ്പര്‍ (02) പ്രകാരം അംഗീകൃത ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കാര്‍ ഷോറൂമുകളും ഡിജിറ്റല്‍ സെയില്‍സ് പ്ലാറ്റ്ഫോമുകളും ഉള്‍പ്പെടെ എല്ലാത്തരം വാണിജ്യ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. വ്യക്തിഗത ഉപയോഗത്തിനായി വ്യക്തികള്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഈ പുതിയ സര്‍ക്കുലര്‍ ബാധകമല്ല. പക്ഷെ ഖത്തറിലെ വാഹന ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് ഈ ചട്ടം ബാധകമാണ്.
ഈ സര്‍ക്കുലര്‍ പ്രകാരം, ചട്ടങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ പരസ്യപ്പെടുത്തുന്നതും വിതരണം ചെയ്യുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുന്നത് രാജ്യത്ത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ എന്തൊക്കെയാണ്?
2008 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (6) പ്രകാരം, ഒരു ഉല്‍പ്പന്നം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നില്ലെങ്കില്‍ അത് വഞ്ചനാപരമോ കേടുവന്നതോ ആയി കണക്കാക്കപ്പെടുന്നു. ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജിയിലെ (QGOSM) 128 സ്പഷ്യലൈസ്ഡ് വിദഗ്ധരും സാങ്കേതിക വിദഗ്ധരും ചേര്‍ന്നാണ് ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ കൊണ്ടുവന്നത്. വാഹനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നില്ലെങ്കില്‍, ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ വെണ്ടര്‍മാര്‍ ബാധ്യസ്ഥരാണ്.
2008 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (5) അനുശാസിക്കുന്നത് ‘ പ്രൊവൈഡര്‍, ഉല്‍പ്പന്നത്തിന്റെ മൂല്യത്തിന്റെ റീഫണ്ട് തിരികെ നല്‍കാനോ, അല്ലെങ്കില്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നില്ലെങ്കില്‍ അത് മാറ്റിസ്ഥാപിക്കാനോ അല്ലെങ്കില്‍ സൗജന്യമായി നന്നാക്കാനോ ബാധ്യസ്ഥനാണ്.
സര്‍ക്കുലര്‍ പ്രകാരമുള്ള നടപടികള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും ലംഘനങ്ങളോ ദുരുപയോഗങ്ങളോ ഉണ്ടെങ്കില്‍ 16001 എന്ന ഹോട്ട്ലൈന്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
