ദോഹ: ഖത്തറില്‍ ചൂട് കൂടുന്നു. വേനല്‍ക്കാലത്തെ ചൂട് കുറയ്ക്കുന്നതിന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) മുന്നറിയിപ്പ് നല്‍കി. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എച്ച്എംസി അറിയിച്ചു.
കുട്ടികളുടെ ശരീരം മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ചൂടാകും. അതിനാല്‍ ഉയര്‍ന്ന താപനില കുട്ടികളില്‍ അപകടസാധ്യത ഉയര്‍ത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ചൂടിന്റെ പീക്ക് സമയങ്ങളാണ്. ഈ സമയത്ത് വെയില്‍ ഏല്‍ക്കുന്നത് പ്രായമായവര്‍, മറ്റ് രോഗങ്ങളോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ളവര്‍, ദുര്‍ബലര്‍ എന്നിവര്‍ക്ക് ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കും.
ഉയര്‍ന്ന ശരീര താപനില, നനഞ്ഞ ചര്‍മ്മം, ക്ഷോഭം, അമിത ദാഹം അല്ലെങ്കില്‍ വിയര്‍പ്പ്, തലവേദന, തലകറക്കം, ബലഹീനത തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. കൃത്യമായി ചികിത്സ തേടിയില്ലെങ്കില്‍ സ്‌ട്രോക്ക് പോലുള്ള കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് മാറും.
പുറത്തേക്കിറങ്ങുമ്പോള്‍ ഇളം നിറമുള്ളതും അയഞ്ഞതുമായി വസ്ത്രങ്ങള്‍ ധരിക്കണം. ശരീരത്തില്‍ നന്നായി ജലാംശം നിലനിര്‍ത്തണം. സ്ഥിരമായി വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.
വിയര്‍പ്പ് ശരീരത്തിന് സുപ്രധാന ലവണങ്ങളും ധാതുക്കളും നഷ്ടപ്പെടുത്തുന്നതിനാല്‍ മുതിര്‍ന്നവരും കുട്ടികളും ധാരാളം വെള്ളം കുടിക്കണം. ചൂട് മുന്നറിയിപ്പുകളില്‍ ജാഗ്രത പാലിക്കുക, പ്രത്യേകിച്ച് താപനില 40- 45ഡിഗ്രി കൂടുകയോ ഹ്യൂമിഡിറ്റി 50% ന് മുകളില്‍ ഉയരുകയോ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചൂടില്‍ നിന്ന് ഓരോ 30 മിനിറ്റിലും – തണലുള്ളതോ എയര്‍ കണ്ടീഷന്‍ ചെയ്തതോ ആയ സ്ഥലങ്ങളിലേക്ക് മാറണം. ഓരോ 15 മിനിറ്റിലും തണുത്ത വെള്ളം കുടിക്കുകയും ചെയ്യുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
