പാലക്കാട്: സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ വിമര്‍ശന പോസ്റ്റിട്ടെന്ന പരാതിയില്‍ പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്തു. കെഎംസിസി പ്രവര്‍ത്തകനായ വിളയൂര്‍ സ്വദേശി താഹ അബ്ദുല്‍ ലത്തീഫാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സംദിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ വ്യക്തിയെ തടഞ്ഞുവച്ച് കൊപ്പം പൊലീസിനു കൈമാറുകയായിരുന്നു.
അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് ആരോപണം. വിളയൂരിലെ പ്രാദേശിക രാഷ്ട്രീയം ചര്‍ച്ചചെയ്ത് പോസ്റ്റിട്ടെന്ന സിപിഎമ്മിന്റെ പരാതിയിലാണ് അറസ്റ്റെന്നാണ് വിവരം. സൗദിയില്‍ ജോലിചെയ്യുന്ന ഇയാള്‍ രണ്ടുവര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു വരുന്നതിനിടെയാണ് അഞ്ചു മാസം മുന്‍പുള്ള പരാതിയില്‍ അറസ്റ്റ് നടന്നത്. വിദേശത്തുള്ള താഹയെ തേടി നിരന്തരം പൊലീസ് വീട്ടില്‍ചെന്ന് ശല്യംചെയ്യുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും വിവരമുണ്ട്. രാഷ്ട്രീയ സമ്മര്‍ദത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അറസ്റ്റിലായ താഹയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ പൊലീസ് ബോധപൂര്‍വം താമസം വരുത്തിയെന്നും ആരോപണം ഉയരുന്നു.
ഞായറാഴ്ച അര്‍ധരാത്രിയോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച താഹയെ ഇന്നലെ വൈകിട്ട് 7 മണിയോടെ കോടതിയിലേക്ക് കൊണ്ടുപോയി. പട്ടാമ്പി മജിസ്‌ട്രേട്ട് ലീവ് ആയതിനാല്‍ ഒറ്റപ്പാലം കോടതിയിലാണ് ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്ന ബന്ധുക്കളെ പോലും വിവരമറിയിക്കാതെയായിരുന്നു അറസ്റ്റ്. നേരെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ താഹയെ അര്‍ധരാത്രിയോടെ കൊപ്പം സ്റ്റേഷനിലേക്കു കൊണ്ടുപോയി.
അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. കോടതിയില്‍ ഹാജരാക്കാതെ ബോധപൂര്‍വം സമയം വൈകിപ്പിച്ചതിനെതിരെ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചതോടെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കാന്‍ തയാറായെതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കും മുന്‍പേ അമിത വകുപ്പുകള്‍ ചുമത്തിയതായും പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
