കുവൈത്ത് സിറ്റി: വിമാനത്തിനുള്ളില്‍ വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച യൂട്യൂബറെ കാബിന്‍ ക്രൂ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പൊലീസിനെ വിളിച്ചുവരുത്തിയതായും ആരോപണമുണ്ട്. കുവൈത്ത് എയര്‍വേയ്‌സിലെ ഫസ്റ്റ് ക്ലാസ് യാത്രയ്ക്കിടെയാണ് സംഭവം.
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ എയര്‍ലൈന്‍ ജീവനക്കാരന്‍ ഭീഷണിപ്പെടുത്തുകയും പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി ‘നോണ്‍സ്റ്റോപ് ഡാന്‍’ എന്നറിയപ്പെടുന്ന എയര്‍ലൈന്‍ ട്രാവല്‍ യൂട്യൂബര്‍ ആണ് ആരോപണം ഉന്നയിച്ചത്. വിമാനത്തിനുള്ളിലുണ്ടായ അനുഭവത്തെക്കുറിച്ചുള്ള വിശദമായ വിഡിയോയും പങ്കുവെച്ചു. അതേസമയം സംഭവത്തില്‍ എയര്‍ലൈന്‍ പ്രതികരിച്ചിട്ടില്ല.
അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ വിഡിയോ ചിത്രീകരിച്ചതാണ് എയര്‍ലൈന്‍ ജീവനക്കാരന്‍ ചോദ്യം ചെയ്തത്. താന്‍ യൂട്യൂബര്‍ ആണെന്നും വിഡിയോ ചിത്രീകരിക്കാന്‍ അനുമതി വേണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ ജീവനക്കാരനോട് പറഞ്ഞു. തുടര്‍ന്ന് കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ വിഡിയോ എടുക്കാന്‍ അനുവാദം നിര്‍ബന്ധമാണെന്നും അനുമതിയില്ലാതെ ചിത്രീകരിച്ച വിഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ക്രൂ വ്യക്തമാക്കുകയായിരുന്നു.
അനുമതിക്കായി എയര്‍ലൈനിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തെ സമീപിക്കാനും അനുമതി ലഭിച്ചാല്‍ മറ്റൊരു വിമാനത്തില്‍ പുതിയ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനും ജീവനക്കാരന്‍ നിര്‍ദേശിച്ചു. ഒരു കടലാസില്‍ പേരും കോണ്‍ടാക്ട് വിവരങ്ങളും എഴുതി ഒപ്പിട്ട് നല്‍കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടതായി ക്യാബിന്‍ ക്രൂ അറിയിച്ചെങ്കിലും പേരും വിവരങ്ങളും ഒപ്പിട്ട് നല്‍കാന്‍ ഡാന്‍ തയാറായില്ല. ഒടുവില്‍ കുവൈത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഡാനിനെ തേടി പൊലീസ് എത്തുകയും ചെയ്തു.
വിമാനത്തിലെ ഓരോ യാത്രക്കാരനെയും യൂട്യൂബര്‍ ശല്യം ചെയ്യുകയായിരുന്നുവെന്നും സെന്‍സിറ്റീവ് ആയ സുരക്ഷാ ഉപകരണങ്ങളെല്ലാം റെക്കോര്‍ഡും ചെയ്‌തെന്നുമാണ് എയര്‍ലൈന്‍ ജീവനക്കാരുടെ ആരോപണം. വിമാനത്തില്‍ വച്ച് തന്നെ പൊലീസ് ചോദ്യം ചെയ്യുകയും താന്‍ ഇരുന്ന കാബിനുള്ളിലെ വിഡിയോ മാത്രമാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കിയതോടെയുമാണ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിച്ചതെന്നും ഡാന്‍ വീഡിയോയില്‍ പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
