ദോഹ: ഖത്തറിലെ ചില സ്ഥലങ്ങളില്‍ പോകരുതെന്നും സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയോ ജാഗ്രത പാലിക്കുകയോ ചെയ്യണമെന്നും രാജ്യത്തെ നിരവധി എംബസികള്‍ അവരുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം ഇത്തരം നിര്‍ദേശങ്ങള്‍ സ്വാഭാവികമാണെന്നും അല്ലാതെ മറ്റ് ഭീഷണികളെ തുടര്‍ന്ന് അല്ലെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി.
എംബസികള്‍ നല്‍കുന്ന ഇത്തരം ഉപദേശങ്ങള്‍, ലോകമെമ്പാടുമുള്ള അവരുടെ പൗരന്മാര്‍ക്ക്, യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ അപ്ഡേറ്റുകളും സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ സ്വീകരിക്കുന്ന പൊതു നയങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ രാജ്യം സുരക്ഷിതമാണ്. ഇക്കാര്യം പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബന്ധപ്പെട്ട അധികാരികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നും മന്ത്രാലയം അറിയിച്ചു.
എന്തെങ്കിലും അറിയിപ്പോ നടപടിയോ ആവശ്യമായി വരുന്ന സാഹചര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കും. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
