ദോഹ: ഖത്തറില്‍ വേനല്‍ക്കാലത്തെ ഉച്ചസമയ ജോലി നിരോധനം പ്രബല്യത്തില്‍ തുടരുകയാണ്. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ പുറം ജോലികള്‍ക്ക് നിരോധനം തുടരും. ഇതില്‍ എന്തെങ്കിലും ലംഘനങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
വേനല്‍ക്കാലത്തെ അപകടകരമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് പുറംജോലികളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ 1 മുതല്‍ ആരംഭിച്ച പുറം ജോലികള്‍ക്കുള്ള നിരോധനം സെപ്റ്റംബര്‍ 15 വരെ പ്രാബല്യത്തില്‍ തുടരും. നിര്‍മ്മാണ മേഖലകളിലും മറ്റ് പുറം മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയുന്നതിനാണ് ഈ നിയന്ത്രണം.
ഉച്ചസമയത്തെ ജോലി നിരോധനം നടപ്പിലാക്കിയില്ലെങ്കില്‍ പൊതുജനങ്ങള്‍ക്കും മന്ത്രാലയത്തില്‍ പരാതികള്‍ അറിയിക്കാം. 40488248 എന്ന പ്രത്യേക ഹോട്ട്ലൈനില്‍ വിളിച്ച് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. നിയമലംഘകര്‍ക്ക് കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടിവരും. ഭാഗികമായോ പൂര്‍ണ്ണമായോ ജോലിസ്ഥലം അടച്ചുപൂട്ടുകയും ചെയ്യും.
ഇരുചക്രവാഹനങ്ങളിലൂടെയുള്ള ഡെലിവറി സേവനങ്ങള്‍ക്കും ഇക്കാലയളവില്‍ നിരോധനമുണ്ട്. ഈ സമയത്ത് ഡെലിവറി കമ്പനികള്‍ സേവനങ്ങള്‍ക്കായി കാറുകള്‍ പോലുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
