ദോഹ: ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനികത്താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ആശങ്ക വര്‍ധിപ്പിച്ചത്.
മിഡില്‍ ഈസ്റ്റില്‍ നിരവധി രാജ്യങ്ങളില്‍ യുഎസ് സൈനിക താവളങ്ങള്‍ ഉണ്ട്. യുഎസിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലാണ് മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനികത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
യുഎസിന്റെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സുപ്രധാനവുമായ വ്യോമതാവളമാണ് ഖത്തറിലേത്. സെന്റ്‌കോമിന്റെ മുന്നണി വിഭാഗം ഉള്‍പ്പെടുന്ന ഈ കേന്ദ്രം പടിഞ്ഞാറ് ഈജിപ്ത് മുതല്‍ കിഴക്ക് കസഖ്സ്ഥാന്‍ വരെയുള്ള ഏരിയകളായി അല്‍ ഉദൈദില്‍ 24 ഹെക്ടറിലായി ഇത് വ്യാപിച്ചു കിടക്കുന്നു. 10,000ത്തോളം യുഎസ് സൈനികരാണ് ഇവിടെയുള്ളത്. മേഖലയിലെ യുഎസിന്റെ വ്യോമ സേനകളും പ്രത്യേക ഓപ്പറേഷന്‍ സേനകളും ഇവിടെയാണ്. ഭ്രമണം ചെയ്യുന്ന കോംപാക്ട് എയര്‍ക്രാഫ്റ്റുകള്‍, 379ാമത് എയര്‍ എക്‌സ്‌പെഡിഷനറി വിങ് എന്നിവയാണ് ഇവിടെയുള്ളത്.
യുഎസിന്റെ 380ാമത് എയര്‍ എക്‌സ്‌പെഡിഷനറി വിങ്ങിന്റെ ആസ്ഥാനമാണ് യുഎഇയിലെ അല്‍ ദഫ്ര വ്യോമതാവളം. ഇറാനെതിരായ സുപ്രധാന പദ്ധതികളെ പിന്തുണക്കുന്ന നിര്‍ണായകമായ യുഎസ് വ്യോമസേനയുടെ കേന്ദ്രമാണിത്.
എയര്‍ക്രാഫ്റ്റുകളുടെ 10 സൈനിക വിഭാഗങ്ങളും എംക്യൂ-9 റീപ്പേഴ്‌സ് ഉള്‍പ്പെടെയുള്ള ഡ്രോണുകളുമാണ് ഇവിടെയുള്ളത്. വ്യോമ, മിസൈല്‍ പ്രതിരോധ പരിശീലനത്തിനായുള്ള ഗള്‍ഫ് എയര്‍ വാര്‍ഫെയര്‍ സെന്റര്‍ കൂടിയാണിത്.
യുഎസ് നാവിക സേനയുടെ അഞ്ചാമത് വ്യൂഹത്തിന്റെ ആസ്ഥാനമാണ് ബഹ്‌റൈന്‍. ഗള്‍ഫ്, ചെങ്കടല്‍, അറേബ്യന്‍ കടല്‍, ഇന്ത്യന്‍ സമുദ്രത്തിന്റെ ഭാഗങ്ങള്‍ എന്നീ ഏരിയകളുടെ ഉത്തരവാദിത്വം ബഹ്‌റൈന്‍ സൈനികതാവളത്തില്‍ നിക്ഷിപ്തമാണ്. യുഎസിന്റെ തീരസേനയുടേത് ഉള്‍പ്പെടെ ഏറ്റവും വലിയ സൈനിക കപ്പലുകള്‍ നങ്കൂരമിടുന്നത് ബഹ്‌റൈന്‍ തുറമുഖത്താണ്. യുദ്ധ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. 1948 മുതലാണ് ബഹ്‌റൈനില്‍ യുഎസ് നാവിക സേന പ്രവര്‍ത്തനം തുടങ്ങിയത്.
കുവൈത്തില്‍ സെന്റ്‌കോമിന്റെ ക്യാംപ് അരിഫ്ജന്‍ ഉള്‍പ്പെടെ ഒന്നിലധികം യുഎസ് താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അലി അല്‍ സലേം വ്യോമതാവളം 386ാമത് എയര്‍ എക്‌സ്‌പെഡിഷനറി വിഭാഗമാണ് പ്രവര്‍ത്തിക്കുന്നത്. മേഖലയിലെ യുഎസിന്റെ ജോയിന്റ്, സഖ്യ സേനകള്‍ക്ക് ആവശ്യമായ യുദ്ധശേഷി എത്തിക്കുന്നതിനുള്ള എയര്‍ലിഫ്റ്റ് ഹബ്ബും ഗേറ്റ് വേയുമാണിത്. എംക്യൂ-9 റീപ്പേഴ്‌സ് ഡ്രോണുകള്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്.
വൈറ്റ്ഹൗസ് കണക്കുകള്‍ പ്രകാരം 2024 ല്‍ 2,321 യുഎസ് സൈനികരാണ് സൗദിയിലെ വ്യോമതാവളത്തിലുള്ളത്. സൗദി സര്‍ക്കാരുമായി സഹകരിച്ച് വ്യോമ, മിസൈല്‍ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നതിന് പുറമെ യുഎസ് സൈനിക യുദ്ധവിമാനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയുമാണ് സൗദിയിലെ താവളം നല്‍കുന്നത്. റിയാദിന്റെ തെക്ക് 60 കിലോമീറ്റര്‍ അകലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് യുഎസിന്റെ പാട്രിയറ്റ് മിസൈര്‍ ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള പിന്തുണയാണ് നല്‍കുന്നത്.
അല്‍ അസാദ്, അര്‍ബില്‍ എന്നിവിടങ്ങളിലായി ഒന്നിലധികം സൈനികതാവളങ്ങളാണ് ഇറാഖിലുള്ളത്. ഇറാനുമായി വലിയ അടുപ്പമുള്ള രാജ്യമാണ് ഇറാഖ് എങ്കിലും യുഎസിന്റെ സ്ട്രാറ്റജിക് പങ്കാളി കൂടിയാണ്. ഇറാനെതിരേയുള്ള രാജ്യാന്തര സഖ്യത്തിന്റെ ഭാഗമായി 2,500 യുഎസ് സൈനികരാണ് ഇറാഖിലുള്ളത്. ഇറാഖില്‍ നിന്ന് സാവധാനം യുഎസ് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ബാഗ്ദാദും വാഷിങ്ടനും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
യുഎസ് വ്യോമസേനയുടെ സെന്‍ട്രല്‍ 332ാമത് എയര്‍ എക്‌സ്‌പെഡിഷനറി വിങ്ങാണ് ജോര്‍ദാനിലെ മൗവഫാഖ് അല്‍ സല്‍തി വ്യോമതാവളത്തിലുള്ളത്.
ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായ രാജ്യാന്തര ശ്രമങ്ങളുടെ ഭാഗമായി സിറിയയിലും ഒന്നിലധികം സൈനികതാവളങ്ങളാണ് യുഎസിനുള്ളത്. യുഎസ് സൈനികരുടെ ഏകീകരണത്തിന്റെ ഭാഗമായി വരും മാസങ്ങളില്‍ സിറിയയിലെ യുഎസ് സൈനികരുടെ എണ്ണം ആയിരത്തില്‍ താഴെയായി കുറയ്ക്കുമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ പെന്റഗണ്‍ പ്രസ്താന പുറത്തിറക്കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
