ദുബായ് : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനം ഉദ്യോഗാർഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സോഷ്യൽ മീഡിയ വഴി നടത്തിയ വീസത്തട്ടിപ്പിലാണ് മലയാളികൾക്ക് ലക്ഷങ്ങൾ നഷ്ടമായത്. പണം നൽകി മാസങ്ങൾക്ക് ശേഷം വ്യാജ വർക്ക് പെർമിറ്റും എംബസി അപ്പോയിന്റ്മെന്റുകളുമാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ചത്.
പാലക്കാട് സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. സോഷ്യൽ മീഡിയയിലൂടെയുള്ള പരസ്യം കണ്ട് ചെക് റിപ്പബ്ലിക്കിലേക്ക് വർക്ക് വീസയ്ക്കായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിനാക്ക് മൈഗ്രേഷൻസ് എന്ന റിക്രൂട്ടിങ് ഏജൻസിയെ സമീപിച്ചു. ദുബായിലുള്ള സുഹൃത്തുക്കൾ വഴി കമ്പനിയെക്കുറിച്ച് അന്വേഷണവും നടത്തി. ഇങ്ങനെ ഒരു സ്ഥാപനവും അതിന്റെ ഓഫിസും അവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരം.
2024 ഏപ്രിലിലാണ് സംഭവം. 90 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റും 120 ദിവസത്തിനുള്ളിൽ എംബസി അപ്പോയിന്റമെന്റും മറ്റ് അനുബന്ധ കാര്യങ്ങളും ഒപ്പം രണ്ട് മാസത്തിനുള്ളിൽ വിദേശത്ത് എത്താനും കഴിയുമെന്നുമായിരുന്നു വാഗ്ദാനം. വിദേശത്ത് എത്തിയാലുടൻ എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ട് പോകാൻ കമ്പനിയുടെ പ്രതിനിധി എത്തുമെന്നതുൾപ്പെടെയായിരുന്നു വാഗ്ദാനം.
പണം നൽകി ഏകദേശം ആറ് മാസത്തിന് ശേഷം വർക്ക് പെർമിറ്റ് ലഭിച്ചു. പിന്നീട് എംബസി അപ്പോയിന്റമെന്റിനായി ഏജന്റിന് 25,000 രൂപ നൽകണമെന്ന് പറയുകയും കമ്പനി നൽകിയ നിർദേശ പ്രകാരം തൃശൂരിലുള്ള സ്മൃതി വിനോദ് എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കുകയും ചെയ്തു. 2024 നവംബറിൽ എംബസി അപ്പോയിന്റമെന്റ് തീയതി ലഭിച്ചു. ട്രാവൽ ഇൻഷുറൻസും എടുത്തിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി കമ്പനിയുടെ പ്രതിനിധിയായ സൗമ്യ ഡോൺ ബോസ്കോയെ ബന്ധപ്പെട്ടു. ഇപ്പോൾ ലഭിച്ചിരിക്കുന്ന എംബസി അപ്പോയിന്റമെന്റ് വ്യാജമാണെന്നും എംബസിയിലേക്ക് പോകേണ്ടതില്ലെന്നും സൗമ്യ പറഞ്ഞതോടെയാണ് സംശയം തോന്നിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് കേരളത്തിൽ ലൈസൻസ് ഇല്ലെന്നും ഇവർ നൽകിയ വർക്ക് പെർമിറ്റ് വ്യാജമാണെന്നും കണ്ടെത്തി. 2,26,000 രൂപ ഇതിനോടകം നഷ്ടമാകുകയും ചെയ്തു.
കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള 5 പേരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ കയ്യിൽ നിന്നും 3 ലക്ഷത്തോളം രൂപയാണ് കമ്പനി തട്ടിയെടുത്തത്.
നിലവിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പാലക്കാട് എസ്പിക്കും ലോക്കൽ പൊലീസിനും പരാതി നൽകിയെങ്കിലും ഇവർക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. തട്ടിപ്പ് സംഘം വിദേശത്തായതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കെതിരെ കേസ് ഫയൽ ചെയ്യാൻ പ്രൊവിഷൻ ഇല്ലെന്നും വേണമെങ്കിൽ സിഎംപി (ക്രിമിനൽ മിസലേനിയസ് പെറ്റീഷൻ) നൽകാനുമാണ് പൊലീസിന്റെ നിർദേശം.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ആണെങ്കിലും തട്ടിപ്പിന് പിന്നിൽ മലയാളികളാണ്. ഉദ്യോഗാർഥികളെ ഫോണിലൂടെ ബന്ധപ്പെട്ടവരെല്ലാം മലയാളികളായിരുന്നു. സ്ലോവാക്യ, ക്രൊയേഷ്യേ എന്നിവിടങ്ങളിലേക്ക് വ്യാജ വർക്ക് പെർമിറ്റ് നൽകും. സാധാരണയായി അതത് രാജ്യത്തെ സർക്കാരുകൾക്ക് മാത്രമാണ് വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യാനുള്ള അധികാരം. അതേസമയം തട്ടിപ്പ് നടത്തിയ കമ്പനി ചെയ്തത് ഗൾഫിലിരുന്നുകൊണ്ട് ഇന്ത്യയിലെ വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
