ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ 12 ഇനം സാധനങ്ങൾക്ക് കൂടി വിലക്ക്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ സാധനങ്ങൾ വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവരുടെ സുരക്ഷിതത്വവും സംരക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിരോധനം ഏർപ്പെടുത്തിയ സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തിറക്കി. ജിദ്ദ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം.
സൗദിയിൽ നിയമപരമോ സുരക്ഷാപരമോ ആയ ലംഘനങ്ങളായി കണക്കാക്കപ്പെടുന്ന നിരവധി വസ്തുക്കളാണ് നിരോധിച്ചത്. എല്ലാത്തരം ലഹരി വസ്തുക്കളും മദ്യവും നിരോധിച്ചു. നിയമവിരുദ്ധ കാര്യങ്ങൾക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രിക്–ഇലക്ട്രോണിക് ഉപകരണങ്ങൾ, പേനകൾ, ക്യാമറ ഘടിപ്പിച്ച കണ്ണടകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.
സുഗന്ധങ്ങൾ അടങ്ങിയ ഇ-പൈപ്പുകൾ, പോക്കർ പോലുള്ള അപകടകരമായ ഗെയിമുകൾ, ചൂതാട്ടത്തിനുള്ള സാമഗ്രികൾ, ശക്തിയേറിയ ലേസറുകൾ, അസംസ്കൃത സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ, ലൈംഗിക വസ്തുക്കൾ, വ്യാജ കറൻസി, മാന്ത്രിക ഉപകരണങ്ങൾ, കച്ചവട ഉദ്ദേശത്തിൽ അളവിലധികമായി കൊണ്ടുവരുന്ന ഭക്ഷണം എന്നിവയും നിരോധന പട്ടികയിൽപ്പെടുന്നു.
യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും എല്ലാ യാത്രക്കാരും ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അഭ്യർത്ഥിച്ചു. നാട്ടിൽനിന്ന് വരുമ്പോൾ വേണ്ടപ്പെട്ടവർക്ക് നൽകാനായി തന്നുവിടുന്ന പൊതികളിൽ ഇത്തരം നിരോധിത സാധനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ലഗേജിലോ കൈവശമോ ഇത്തരം സാധനങ്ങൾ ഉണ്ടെങ്കിൽ നിയമനടപടിക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
