ഡൽഹി: സ്വർണപണയത്തിന് റിസർവ് ബാങ്ക് (RBI) കൊണ്ടുവന്ന കടുത്ത ചട്ടങ്ങൾക്ക് (draft norms on gold loans) മാറ്റം വേണമെന്ന് കേന്ദ്ര ധനമന്ത്രാലയം. സാധാരണക്കാർക്ക് തിരിച്ചടിയായ പുതിയ ചട്ടങ്ങളിൽ നിന്ന് രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കാണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. പുതിയ ചട്ടങ്ങൾ 2026 ജനുവരി ഒന്നുമുതൽ നടപ്പാക്കിയാൽ മതിയെന്നും നിർദേശിച്ചു.
ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസാണ് (DFS) എക്സിലൂടെ പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ റിസർവ് ബാങ്കിന്റെ പുതിയ നിർദേശങ്ങൾ വിലയിരുത്തിയ ശേഷമാണ് മാറ്റങ്ങൾ നിർദേശിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ സാവകാശം അനിവാര്യമായതിനാലാണ്, 2026 ജനുവരി ഒന്നുമുതൽ നടപ്പാക്കാനുള്ള നിർദേശം.
സമയബന്ധിതമായും തടസ്സങ്ങളില്ലാതെയും സ്വർണപ്പണയ വായ്പകളുടെ വിതരണം നടക്കുന്നെന്ന് ഉറപ്പാക്കാനാണ് രണ്ടുലക്ഷം രൂപവരെയുള്ള വായ്പകളെ പുതിയ ചട്ടത്തിൽ നിന്ന് ഒഴിവാക്കുന്നത്. വിവിധ മേഖലകളിൽ നിന്നുയർന്ന ആശങ്കകളും അഭിപ്രായങ്ങളും കൂടി വിലയിരുത്തിയുള്ള മാറ്റങ്ങളാണ് റിസർവ് ബാങ്കിന് കൈമാറിയത്. ഇക്കാര്യങ്ങൾ റിസർവ് ബാങ്ക് പരിഗണിക്കുന്നുണ്ടെന്നും മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിലാണ് സ്വർണപ്പണയ വായ്പകൾ വിതരണം ചെയ്യുന്ന ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NBFCs), സഹകരണ ബാങ്കുകൾ, ഗ്രാമീൺ ബാങ്കുകൾ (RRBs) എന്നിവയ്ക്കായി കരടുനിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയത്. നിലവിലെ സ്വർണ വായ്പാ വിതരണം സുതാര്യവും സുരക്ഷിതവുമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
സ്വർണപ്പണയ വായ്പകളും അതത് ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റിസ്ക് നിയന്ത്രണ നയത്തിന് കീഴിലാക്കുക, പണയ സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുക, വായ്പാ ഇടപാടുകാരന്റെ ക്രെഡിറ്റ് സ്കോർ പരിഗണിച്ചുമാത്രം വായ്പ അനുവദിക്കുക, വായ്പ എടുക്കുന്നയാൾ ഏതാവശ്യത്തിനാണോ വായ്പ എടുത്തത് അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സ്വർണപ്പണയ വായ്പയുടെ ലോൺ-ടു-വാല്യു (LTV) ചട്ടം പാലിക്കുക എന്നിവയാണ് റിസർവ് ബാങ്ക് നിർദേശങ്ങൾ.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
