കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്ക് വായ്പ തട്ടിപ്പില്‍ നിരവധി മലയാളികൾക്ക് പണം നഷ്ടമായി. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയായിരുന്നു തട്ടിപ്പ്.
ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വായ്പ ഓഫറുകൾ പ്രചരിപ്പിക്കും. കുവൈത്തിലെ ഒരു പ്രശസ്ത ഫിനാൻസ് കമ്പനിയുടെ പേരിലാണ് ആളുകളെ ബന്ധപ്പെടുന്നത്. ഈ കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ വെബ്സൈറ്റും കുവൈത്ത് വാട്സ്ആപ്പ് നമ്പറുകളും തട്ടിപ്പിനായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്.
മലയാളികളാണ് തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് വിവരം. ഇവർ കുവൈത്തിന് പുറത്തു നിന്നാണ് ആളുകളെ ബന്ധപ്പെടുന്നതെന്നാണ് വിവരം. വായ്പക്കായി ഒരു ഫോം പൂരിപ്പിച്ചു നൽകിയാൽ മാത്രം മതിയെന്നും നേരിട്ട് ഓഫീസിൽ എത്തുകയോ ഏതെങ്കിലും രേഖയുടെയോ ആവശ്യമില്ലെന്നും ഇവര്‍ ആളുകളോട് പറയുന്നു. തുടർന്ന് വായ്പ അനുവദിക്കപ്പെട്ടുവെന്നും നിങ്ങളുടെ നാട്ടിലെ അക്കൗണ്ടിലേക്ക് പണം അയച്ചപ്പോൾ അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ലെന്നും പണം ഫ്രീസായെന്നും അതിനാൽ ഒരു നിശ്ചിത സംഖ്യ അടച്ചാൽ മാത്രമേ ലോൺ തുക വീണ്ടും അക്കൗണ്ടിലേക്ക് അയക്കുകയുള്ളുവെന്നും പറഞ്ഞ് ആളുകള വിശ്വസിപ്പിക്കുന്നതാണ് തട്ടിപ്പ് രീതി.
ഇത്തരത്തില്‍ 1000 ദിനാറോളം വായ്പ അപേക്ഷിച്ചവരുടെ പക്കൽ നിന്നും നൂറും ഇരുന്നൂറും ദിനാർ ഈടാക്കിയാണ് തട്ടിപ്പ്. ഈ തട്ടിപ്പു സംഘം കുവൈത്ത് കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും സജീവമാണ്. പണം ഇവർ ഇന്ത്യൻ അക്കൗണ്ട് നമ്പറിലേക്കാണ് ട്രാൻസ്ഫർ ചെയ്യുന്നത്. മലപ്പുറം സ്വദേശി തട്ടിപ്പിന് ഇരയായതിന് പിന്നാലെയാണ് ഇത് പുറത്താകുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
