ദോഹ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ഖത്തറിലെത്തി. പാര്‍ലമെന്റ് അംഗം സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള ബഹുകക്ഷി ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സംഘം ദോഹയിലെത്തിയത്.
ഖത്തര്‍, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഈജിപ്ത് എന്നീ നാല് രാജ്യങ്ങള്‍ ഈ സംഘം സന്ദര്‍ശിക്കും. രാജ്യത്തെ പ്രമുഖ വ്യക്തികളുമായി ഇടപഴകുകയും മാധ്യമങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, മറ്റ് പ്രധാന പങ്കാളികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. പഹല്‍ഗാമില്‍ നടന്ന പാകിസ്ഥാന്‍ ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എംപിമാര്‍, മുന്‍ മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംഘം.
അതേസമയം പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം, ഇന്ത്യയും ഖത്തറും പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെയ് 6 ന് ടെലിഫോണ്‍ സംഭാഷണം നടത്തി സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
മെയ് 7 ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ജാസിം അല്‍-താനിയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും ടെലിഫോണില്‍ സംസാരിച്ചിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായും ഏപ്രില്‍ 23 ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
എംപി സുപ്രിയ സുലെ നയിക്കുന്ന പ്രതിനിധി സംഘത്തില്‍ എംപിമാരായ രാജീവ് പ്രതാപ് റൂഡി, വിക്രംജീത് സിംഗ് സാഹ്നി, മനീഷ് തിവാരി, അനുരാഗ് സിംഗ് താക്കൂര്‍, ലാവു ശ്രീകൃഷ്ണ ദേവരായലു, മുന്‍ വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ് ശര്‍മ്മ, മുന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ മുന്‍ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ എന്നിവരാണുള്ളത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
