കോട്ടയം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ പൊലീസ് പിടിയില്‍. സുകുമാരക്കുറുപ്പ് മോഡല്‍ തന്ത്രത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തന്ത്രപരമായാണ് പോലീസ് പിടികൂടിയത്. മരിച്ചെന്നു പത്രവാര്‍ത്ത നല്‍കി കൊടൈക്കനാലില്‍ ഒളിവില്‍ കഴിയുമ്പോഴാണ് കുമാരനല്ലൂര്‍ മയാലില്‍ എം.ആര്‍.സജീവ് (സുബി, 41) പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 2023ല്‍ കോട്ടയം ചൈതന്യ ഫിനാന്‍സിന്റെ പനമ്പാലം, കുടമാളൂര്‍ ശാഖകളില്‍ നിന്ന് 4.5 ലക്ഷം രൂപ തട്ടിയെന്നാണു കേസ്. തുടര്‍ന്ന് ചെന്നൈയിലേക്കു പോയ പ്രതി സ്വന്തം ചരമവാര്‍ത്ത ഒരു പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി.
പണയസ്വര്‍ണം തിരിച്ചെടുക്കാതെ വന്നപ്പോഴാണ് ധനകാര്യ സ്ഥാപനം സ്വര്‍ണം പരിശോധിച്ചത്. ആള്‍ മരിച്ചെന്നും ചെന്നൈ അഡയാറില്‍ സംസ്‌കാരം നടന്നെന്നും വീട്ടുകാര്‍ ഉള്‍പ്പെടെ പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കി. സജീവിന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീടും ഇവര്‍ക്കു വരുന്ന ഫോണ്‍ കോളുകളും 2024 നവംബര്‍ മുതല്‍ നിരീക്ഷിച്ച് ഗാന്ധിനഗര്‍ പൊലീസ് സജീവ് ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നു കൊടൈക്കനാലില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
സുകുമാരക്കുറുപ്പ് കേസിലേതിനു സമാനമായ രീതിയില്‍ ആള്‍മാറാട്ടത്തട്ടിപ്പാണ് സജീവും പരീക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. മരിച്ചുപോയി എന്ന രേഖയുണ്ടാക്കാനാണ് പത്രത്തില്‍ വാര്‍ത്ത നല്‍കിയത്. ചരമവാര്‍ത്തയില്‍ നാട്ടിലെ വിളിപ്പേരു ചേര്‍ത്തു. വാര്‍ത്തയിലെ ചിത്രത്തിനായി മാത്രം ഇയാള്‍ മീശ വളര്‍ത്തി. മുക്കുപണ്ടം പണയം വച്ച് രണ്ടു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുകൂടി ഇയാള്‍ പണം കൈക്കലാക്കിയിട്ടുണ്ട്. ഒരിടത്തുനിന്നു മാത്രം ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടി. അടുത്ത സ്ഥാപനം പരാതി നല്‍കിയിട്ടില്ല. 15,000 രൂപ വരെ ചെലവഴിച്ച് ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടമാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
