അബുദാബി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ കുത്തനെ ഉയര്‍ന്ന് വിമാന നിരക്കുകള്‍. ഇന്ത്യ -യുഎഇ സെക്ടറില്‍ വിമാന നിരക്ക് കുതിച്ചുയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. വ്യോമാതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഇരു രാജ്യങ്ങളിലെയും മിക്ക വിമാനത്താവളങ്ങള്‍ അടച്ചതുമാണ് നിരക്ക് ഉയരാന്‍ കാരണം. മെയ് 17 വരെയുള്ള വിമാന ടിക്കറ്റുകള്‍ക്കാണ് നിലവില്‍ ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുന്നത്. മെയ് 18 മുതലുള്ള ടിക്കറ്റുകള്‍ക്ക് സാധാരണ നിരക്കാണ് നിലവില്‍ കാണിക്കുന്നതെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള വണ്‍വേ വിമാന നിരക്ക് 1290 ദിര്‍ഹമാണ്. ഇത് ഏകദേശം 44,670 രൂപ വരും. വെള്ളിയാഴ്ചയോടെ ഇത് 910 ദിര്‍ഹമായി കുറയും. അതേസമയം, ഡല്‍ഹി-അബുദാബി വിമാന ടിക്കറ്റ് നിരക്ക് തിങ്കളാഴ്ച 51,600 രൂപയും ചൊവ്വാഴ്ച 90,300 രൂപയുമാണ് ഈടാക്കുന്നത്. നിരവധി പേര്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തതോടെ ഡല്‍ഹിയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1360 ദിര്‍ഹത്തിനും 1180 ദിര്‍ഹത്തിനും ഇടയിലെത്തിയിട്ടുണ്ട്.
അതേസമയം, യുഎഇ വിമാനക്കമ്പനികളുടെ ലാഹോറില്‍ നിന്ന് ദുബായിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 700,000 പാകിസ്ഥാന്‍ രൂപ (9,100 ദിര്‍ഹം) വരെ എത്തി. വെള്ളിയാഴ്ച ഇത് ഏകദേശം 390,000 പാകിസ്ഥാന്‍ രൂപ (5,100 ദിര്‍ഹം) ആയി കുറയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
