ഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം പത്ത് മണിക്ക് ഡല്‍ഹിയിലെത്തിയ ജെഡി വാന്‍സിനെ കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വീകരിച്ചു. നൃത്തവും പരേഡും ഉള്‍പ്പെടെ ഗംഭീര സ്വീകരണമാണ് വിമാനത്തവാളത്തില്‍ നല്‍കിയത്.
വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സ് മക്കളായ ഇവാന്‍, വിവേക്, മിരാബല്‍ എന്നിവര്‍ക്കൊപ്പം എത്തിയ വാന്‍സിന് പ്രധാനമന്ത്രി അത്താഴ വിരുന്നും നല്‍കും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര കരാര്‍ പ്രധാന ചര്‍ച്ചയാകാനാണ് സാധ്യത. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനിടെയാണ് വൈസ് പ്രസിഡന്റിന്റെ നിര്‍ണായക സന്ദര്‍ശനം.
അതേസമയം കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അമേരിക്കയിലുണ്ട്. മന്ത്രി പിയൂഷ് ഗോയലും ഈയാഴ്ച യുഎസിലേക്ക് പോകും. രണ്ടു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ നിലപാട് വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടും. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രവും ജെഡി വാന്‍സ് സന്ദര്‍ശിക്കും. ജയ്പൂരും, ആഗ്രയും സന്ദര്‍ശിച്ചശേഷമാകും ജെഡി വാന്‍സ് മടങ്ങുക. ജയ്പൂരില്‍ രാജസ്ഥാന്‍ അന്തരാഷ്ട്ര കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജെഡി വാന്‍സ് സംസാരിക്കും. ജെഡി വാന്‍സിന്റെ സന്ദര്‍ശനവേളയില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കിസാന്‍ സഭ ആഹ്വാനം നല്കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
