ഡല്‍ഹി: പ്രവാസി മലയാളി കുടുംബത്തില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് കസ്റ്റംസിന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസിയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിടിച്ചെടുത്ത ആഭരണങ്ങള്‍ തിരികെ നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജഡ്ജി പ്രതിഭാ സിംഗിന്റേതാണ് ഉത്തരവ്. തൃശൂര്‍ സ്വദേശികളായ പ്രവാസി കുടുംബവും അടുത്ത ബന്ധുക്കളും വിവാഹ ആവശ്യത്തിനായി ദുബായില്‍ നിന്ന് ഡല്‍ഹി വഴി കൊച്ചിയിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംഭവം.
പ്രവാസി മലയാളിയും ഭാര്യയും മകളും അടുത്ത കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാണ് ഡല്‍ഹി വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ ഊരിവാങ്ങിയത്. ചെയിനും മാലയുമടക്കമാണ് കസ്റ്റംസ് വാങ്ങിയത്. ഫൈന്‍ അടച്ചതിന് ശേഷമേ സ്വര്‍ണ്ണം വിട്ടു നല്‍കൂ എന്നായിരുന്നു കസ്റ്റംസിന്റെ നിലപാട്. ഇത് ചോദ്യം ചെയ്താണ് പ്രവാസി മലയാളി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി, കസ്റ്റംസ് നിലപാടിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ വിട്ടു നല്‍കാന്‍ ഉത്തരവിട്ടത്. സ്വകാര്യ ആവശ്യത്തിന് സ്ത്രീകള്‍ അടക്കം ഉപയോഗിക്കുന്ന സ്വര്‍ണ്ണം ഈ രീതിയില്‍ പിടിച്ചെടുക്കുന്നത് ശരിയല്ലെന്ന് കോടതി നീരീക്ഷിച്ചു. സ്വര്‍ണ്ണത്തിന്റെ പേരില്‍ ഈടാക്കിയ പിഴ തുക തിരികെ നല്‍കണമെന്നും കോടതി വ്യക്തമാക്കി. സ്ഥിരമായി കസ്റ്റംസ് നടത്തുന്ന ഈ രീതി നീതീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസി.കമ്മീഷണര്‍ ഈ മാസം 27ന് നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ പ്രവാസി മലയാളി കുടുംബത്തിനായി അഭിഭാഷകരായ സുഭാഷ് ചന്ദ്രന്‍, കവിത സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
