പ്രവാസികള്‍ക്ക് തിരിച്ചടി: അബുദാബിയില്‍ ‘ബ്ലൂകോളര്‍’ ജോലിക്കാരെ കുറയ്ക്കുന്നു, സാങ്കേതികവിദ്യയില്‍ കഴിവുള്ളവര്‍ക്ക് മാത്രം അവസരം

job abudabi

അബുദാബി: അബുദാബിയില്‍ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അവിദഗ്ധ ജീവനക്കാരെ (ബ്ലൂകോളര്‍) കുറയ്ക്കാന്‍ നീക്കം. വിദഗ്ധ (വൈറ്റ്‌കോളര്‍) ജോലിക്കാരെയാണ് ഇപ്പോള്‍ തേടുന്നത്. നിര്‍മാണ മേഖലയിലെ വികസനം ഏതാണ്ട് പൂര്‍ത്തിയായതിനാല്‍ ഇനി സാങ്കേതികത വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. അവ പരിപോഷിപ്പിക്കാന്‍ ഐടി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ളവരെയാണ് ആവശ്യം. അതിനാല്‍, അത്തരക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. അതേസമയം അവിദഗ്ധ ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഏതെങ്കിലും തൊഴിലില്‍ വിദഗ്ധരായവര്‍ക്കും ഭാഷാപരിജ്ഞാനമുള്ളവര്‍ക്കും മാത്രമേ ഇനി ഗള്‍ഫ് രാജ്യങ്ങളില്‍ സാധ്യതകള്‍ തുറക്കുകയുള്ളൂ. അതിനാല്‍, ഇന്ത്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുകയും വിദേശത്തേക്കു പോകുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യേണ്ടി വരും. വൈദഗ്ധ്യം ഉറപ്പുവരുത്തിയാല്‍ മാത്രമേ ഭാവിയില്‍ പ്രവാസികള്‍ക്കു മികച്ച ശമ്പളമുള്ള ജോലി ലഭിക്കൂ.

സൗദി ഉള്‍പ്പെടെ മറ്റു ജിസിസി രാജ്യങ്ങള്‍ നേരത്തേ തന്നെ അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കുകയും സ്വദേശിവല്‍ക്കരണം ശക്തമാക്കുകയും ചെയ്തിരുന്നു. 2022 മുതല്‍ യുഎഇയും സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 20ല്‍ കൂടുതല്‍ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ വര്‍ഷംതോറും ഓരോ സ്വദേശിയെയും 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷംതോറും 2% സ്വദേശികളെയും നിയമിക്കണമെന്നതാണ് നിബന്ധന. അതു പൂര്‍ത്തിയാകുന്നതോടെ സ്വദേശിവല്‍ക്കരണത്തിന്റെ അടുത്തഘട്ടത്തിലേക്കു കടക്കും.

നിര്‍മാണം, കൃഷി എന്നീ മേഖലകള്‍ തുടങ്ങി ശുചീകരണ ജോലികളില്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നതിനാല്‍ ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയാണ് രാജ്യം ചെയ്യുന്നത്. അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് എന്നിവ ഉപയോഗിച്ചുള്ള കൃഷി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിലവിലുണ്ട്. പത്തിലൊന്നു ജീവനക്കാരെ മാത്രമേ അതിന് ആവശ്യമുള്ളൂ. അബുദാബിയിലെ വെര്‍ട്ടിക്കല്‍ ഫാം അതിന് ഉദാഹരണമാണ്. ഷാര്‍ജയില്‍ 1000 ഏക്കറില്‍ ഗോതമ്പ് കൃഷി ചെയ്യുന്നിടത്ത് 35 തൊഴിലാളികള്‍ മാത്രമാണുള്ളത്. വിത്തുവിതയ്ക്കല്‍, നനയ്ക്കല്‍, കീടനാശിനി തളിക്കല്‍, നിരീക്ഷണം, വിളവെടുപ്പ്, സംസ്‌കരണം, ഉപോല്‍പന്നമാക്കല്‍ എന്നിങ്ങനെ ഓരോ ഘട്ടങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading