പ്രൊബേഷന്‍ കാലയളവില്‍ ജോലി വിട്ടാല്‍ വിലക്ക് നേരിടേണ്ടി വരുമോ? ; അറിയാം വിശദമായി

uae

അബുദാബി: യുഎഇയിലെ തൊഴില്‍ നിയമങ്ങളില്‍ പ്രൊബേഷന്‍ കാലയളവ് പ്രധാനമാണ്. യുഎഇയിലെ തൊഴില്‍ നിയമത്തില്‍ 2021 ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 33 അനുസരിച്ച് ഒരു ജോലിയില്‍ പ്രവേശിച്ചാല്‍, തൊഴില്‍ കരാര്‍ തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത് പ്രൊബേഷന്‍ കാലയളവിലെ തൊഴിലാളിയുടെ മികവിനെ അടിസ്ഥാനമാക്കിയാണ്.

1. പ്രൊബേഷന്‍ കാലയളവ് ഒരിക്കലും ആറ് മാസത്തില്‍ കൂടാന്‍ പാടില്ല. പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കി അതേ സ്ഥാപനത്തില്‍ ജോലി തുടരുകയാണെങ്കില്‍ നിങ്ങളുടെ പ്രൊബേഷന്‍ കാലം മൊത്തം സേവന കാലയളവിന്റെ ഭാഗമാകും. ഗ്രാറ്റുവിറ്റിയും വാര്‍ഷിക അവധിയുമെല്ലാം മൊത്തം സേവന കാലയളവ് അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

2. പ്രൊബേഷനിലുളള ജീവനക്കാര്‍ക്ക് അസുഖ അവധിയെടുക്കാം. പക്ഷെ ശമ്പളമില്ലാത്ത അവധിയായി മാത്രമെ ഇത് പരിഗണിക്കൂകയുളളൂ. എന്നാല്‍ ഇതില്‍ തൊഴിലുടമയ്ക്ക് തീരുമാനമെടുക്കാം.

3. പ്രൊബേഷനില്‍ ആയിരിക്കുമ്പോള്‍ തന്നെ വാര്‍ഷിക അവധിയില്‍ നിന്നുളള ദിവസങ്ങള്‍ അവധിയായി എടുക്കാം. എന്നാല്‍ ഇതിന് തൊഴിലുടമയുടെ അംഗീകാരം വേണം. അവധി അനുവദിക്കാതിരിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്.

4. പ്രൊബേഷന്‍ കാലയളവില്‍ ജോലി കരാര്‍ അവസാനിപ്പിക്കാന്‍ സ്ഥാപനം തീരുമാനിക്കുകയാണെങ്കില്‍ യുഎഇ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 9 (1) അനുസരിച്ച്, 14 ദിവസത്തെ രേഖാമൂലമുള്ള നോട്ടീസ് തൊഴിലാളിക്ക് നല്‍കണം.

5. പ്രൊബേഷന്‍ കാലയളവില്‍ ജോലി രാജി വച്ച് യുഎഇയിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുകയാണെങ്കില്‍, പഴയ സ്ഥാപനത്തില്‍ ഒരു മാസത്തെ നോട്ടീസ് പിരീഡുണ്ടാകും. അതല്ലെങ്കില്‍ ജോലി റിക്രൂട്ട്‌മെന്റിനും കരാറിനുമെല്ലാമുണ്ടായ ചെലവ് നഷ്ടപരിഹാരമായി പുതിയ തൊഴിലുടമ, പഴയ തൊഴിലുടമയ്ക്ക് നല്‍കണം.

6. യുഎഇ വിട്ട് പോകുകയാണെങ്കില്‍ 14 ദിവസത്തെ നോട്ടീസ് പിരീഡാണുളളത്. മാത്രമല്ല, മൂന്ന് മാസത്തിനുളളില്‍ തിരികെ വന്ന് പുതിയ സ്ഥാപനത്തില്‍ ചേരുകയാണെങ്കില്‍ ആദ്യ തൊഴിലുടമയും ജീവനക്കാരനും തമ്മില്‍ നിലവില്‍ ഒരു കരാര്‍ ഇല്ലെങ്കില്‍, നിയമത്തില്‍ പറഞ്ഞിരിക്കുന്ന റിക്രൂട്ട്മെന്റ് ചെലവുകളുടെ നഷ്ടപരിഹാരം പുതിയ തൊഴിലുടമ നല്‍കണം.

7. പ്രൊബേഷന്‍ കാലയളവില്‍ ജോലി രാജിവയ്ക്കുമ്പോള്‍ റിക്രൂട്ട്‌മെന്റിന്റേത് ഉള്‍പ്പടെയുളള ചെലവുകള്‍ തൊഴിലാളി നല്‍കണമെന്നുളള കരാറില്‍ തൊഴിലുടമ ഒപ്പുവച്ചിട്ടുണ്ടെങ്കില്‍ അത് ആവശ്യപ്പെടാം.

8. നോട്ടീസ് പിരീഡ് നല്‍കാതെയോ അറിയിപ്പ് നല്‍കാതെയോ ജോലി വിട്ടാല്‍ ഒരു വര്‍ഷത്തെ തൊഴില്‍ വിലക്ക് നേരിടേണ്ടിവരും. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 9 (6) അനുസരിച്ച്, നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ യുഎഇ വിടുന്ന ഒരു തൊഴിലാളിക്ക്, അന്നേ ദിവസം മുതല്‍ മുതല്‍ ആറുമാസം മുതല്‍ ഒരു വര്‍ഷത്തേക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല.

എന്നാല്‍ ഇത് ബാധകമാകാത്തവരുമുണ്ട്. കുടുംബ താമസവീസയുളളവര്‍, അതേ സ്ഥാപനത്തില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍, ഗോള്‍ഡന്‍ വീസയുളളവര്‍,യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അംഗീകരിച്ച തൊഴിലില്‍ വൈദഗ്ധ്യമുളളവര്‍, തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായുളള പ്രഫഷനലുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇത് ബാധകമല്ല. (കടപ്പാട്: മനോരമ)

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading