അബുദാബി: രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ജനുവരി മുതല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഇതോടെ യുഎഇയിലേക്ക് വീസ അനുവദിക്കുന്നതിനൊപ്പം അടിസ്ഥാന ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പാക്കേജും മാനവവിഭവ മന്ത്രാലയം പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മുതല്‍ വീട്ടുജോലിക്കാര്‍ക്കടക്കം സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും. എമിറേറ്റിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി, ആരോഗ്യ-സാമൂഹിക സുരക്ഷാ മന്ത്രാലയം ചെലവ് കുറഞ്ഞ ഇന്‍ഷുറന്‍സ് പാക്കേജുകള്‍ നല്‍കും. ജനുവരി മുതല്‍ പുതിയ വീസയ്ക്കും പുതുക്കുന്ന വീസയ്ക്കും ഇന്‍ഷുറന്‍സ് രേഖ ആവശ്യമാകും.
അതേസമയം തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് തൊഴിലുടമകളുടെ ബാധ്യതയാണ്. ജനുവരി ഒന്നു മുതല്‍ പുതിയതും പുതുക്കുന്നതുമായ വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവ് കൂടി തൊഴിലുടമ നല്‍കണമെന്നു തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഖലീല്‍ അല്‍ഖൂരി അറിയിച്ചു. അതിവേഗം പുരോഗമിക്കുന്ന സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളില്‍ തൊഴില്‍ സുരക്ഷയ്ക്കും കുടുംബ സുസ്ഥിരതയ്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് അനിവാര്യമാണ്. ചികിത്സാ ചെലവുകള്‍ ഭാരമാകാതിരിക്കാനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായിക്കും. തൊഴിലാളികള്‍ ചികിത്സാ ചെലവ് സ്വയം വഹിക്കേണ്ട സാഹചര്യം ഒഴിവാകുമെന്നും ഖലീല്‍ അല്‍ ഖൂരി പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയോ ചെയ്താല്‍ ചികിത്സാ ചെലവിന്റെ 20% പണമടച്ചാല്‍ മതി. ഓരോ സന്ദര്‍ശനത്തിനും മരുന്നുകള്‍ ഉള്‍പ്പെടെ 500 ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് ലഭിക്കും. ഒരു വര്‍ഷം പരമാവധി ആയിരം ദിര്‍ഹത്തിന്റെ ചികിത്സയാണ് അനുവദിക്കുക. കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് (ഒപി) മെഡിക്കല്‍ സന്ദര്‍ശനങ്ങള്‍, ഡയഗ്നോസ്റ്റിക് പരിശോധനകള്‍, ലളിതമായ ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് 25% നിരക്ക് അടയ്ക്കണം. പാക്കേജിന്റെ ഭാഗമായ ഒരാള്‍ക്ക് ഓരോ സന്ദര്‍ശനത്തിനും പരമാവധി 100 ദിര്‍ഹം മൂല്യമുള്ള ചികിത്സ നല്‍കും. ഒരേ അസുഖത്തിന് ഏഴു ദിവസത്തിനുള്ളില്‍ തുടര്‍ സന്ദര്‍ശനം നടന്നാല്‍ മൊത്തം നിരക്കിന്റെ 30% അടയ്ക്കണം. മരുന്നുകള്‍ക്കായി പ്രതിവര്‍ഷം 1,500 ദിര്‍ഹം വരെ പരിരക്ഷ ലഭിക്കും. രാജ്യത്തെ ഏഴ് ആശുപത്രികള്‍, 46 മെഡിക്കല്‍ സെന്ററുള്‍, 45 ഫാര്‍മസികള്‍ എന്നിവ ഈ ശൃംഖലയില്‍ ഉള്‍പ്പെടും.
‘ദുബായ് കെയര്‍’ വഴി തൊഴിലാളികള്‍ക്ക് ഈ പാക്കേജിന്റെ ഭാഗമാകാം. തൊഴിലാളികളുടെ ആശ്രിത വീസയിലുള്ളവര്‍ക്കും വ്യവസ്ഥകളോടെ ഇഷ്ട പാക്കേജുകള്‍ തിരഞ്ഞെടുക്കാനാകും. വിവിധ ഇന്‍ഷുറന്‍സ് പാക്കേജുകളുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തിന്റെയും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലും ലഭ്യമാണ്. ഒന്നു മുതല്‍ 64 വയസ്സുവരെയുള്ളവര്‍ക്ക് ഒരു വര്‍ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ 320 ദിര്‍ഹം മുതല്‍ അടിസ്ഥാന പാക്കേജുകള്‍ ലഭ്യമാണ്. വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കു പോലും ഈ പാക്കേജില്‍ ചികിത്സ ലഭിക്കും. 60 വയസ്സ് കഴിഞ്ഞവരാണ് ചികിത്സ തേടുന്നതെങ്കില്‍ കവറേജ് ലഭിക്കാന്‍ രോഗവിവരങ്ങള്‍ വ്യക്തമാക്കുന്ന ഡോക്ടറുടെ കുറിപ്പും പുതിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
