കണ്ണൂർ വളപട്ടണത്ത് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ച പ്രതി പിടിയിൽ; അറസ്റ്റിലായത് അയൽവാസി 

InShot 20241202 110218834

കണ്ണൂർ: കണ്ണൂര്‍ വളപട്ടണത്ത് വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടിയോളം രൂപയും കവർന്ന കേസിൽ  പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയാണ് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. 

വീട്ടിൽ പണം ഉള്ളത് പ്രതിക്ക് കൃത്യമായി അറിയാമായിരുന്നു. 20-നാണ് പ്രധാനമായും മോഷണം നടന്നത്. 21-ന് നഷ്ടമായ ടൂൾ എടുക്കാൻ ഇയാൾ വീണ്ടും എത്തി. 100 സിസിടിവികൾ പരിശോധിച്ചുവെന്നും അജിത് കുമാർ പറഞ്ഞു. കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് സിസിടിവിയിൽ നിന്ന് മനസ്സിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നിൽ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. സിസിടിവിയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. കൃത്യമായി എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു മോഷണരീതി. ശേഷം വീടിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു. ഇവയെല്ലാം പരിശോധിച്ച പൊലീസ് പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഇതോടെ ലിജീഷിലേക്ക് അന്വേഷണം എത്തുകയും പിടിയിലാവുകയും ആയിരുന്നു.

ലിജീഷ് കട്ടിലിനടിയിൽ അറയുണ്ടാക്കിയാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്നതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു. വീടിൻ്റെ പുറകിലെ ജനൽ തകർത്താണ് മോഷണം നടത്തിയത്. വിശദമായ അന്വേഷണമാണ് നടത്തിയത്. ഒരുകോടി 21 ലക്ഷം രൂപയും 2136 ഗ്രാം സ്വർണവും കണ്ടെത്തി. 67 സ്ഥിരം മോഷ്ടാക്കളുടെ വിവരങ്ങൾ പരിശോധിച്ചു. 215 പേരെ ചോദ്യം ചെയ്തു. കോഴിക്കോട് മുതൽ മംഗലാപുരം വരെ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി.രണ്ടുദിവസം മുമ്പ് മുതൽ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. കീച്ചേരിയിൽ നടന്ന മോഷണത്തിലും ഇതേയാൾ തന്നെയാണ് പ്രതി. വിരലടയാളം പരിശോധിച്ചു. 

അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവർ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമായിരുന്നു മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്.

പ്രതിയിൽ നിന്ന് പിടിച്ചെടുത്ത 1.21 കോടിയുടെ നോട്ടുകെട്ടുകളും 267 പവന്‍റെ സ്വര്‍ണാഭരണങ്ങളും ചുവന്ന വലിയ സ്യൂട്ട് കേയ്സിലാണ് പൊലീസ് കൊണ്ടുവന്നത്. പ്രതിയെയും മോഷണ മുതലും മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊലീസ് പ്രദര്‍ശിപ്പിച്ചു. നഷ്ടമായ സ്വര്‍ണവും പണവും അതേ അളവിൽ തിരിച്ചുകിട്ടിയോ എന്ന കാര്യം ഉള്‍പ്പെടെ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു

കീച്ചേരിയിൽ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നിൽ ലീജിഷ് ആണെന്ന് വ്യക്തമായത്. ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. 

കീച്ചേരിയിൽ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. വളപടണം കേസിൽ പ്രതി പിടിയിലായതോടെ മറ്റൊരു മോഷണ കേസിന്‍റെ ചുരുള് കൂടിയാണ് പൊലീസ് അഴിച്ചെടുത്തത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading