റിയാദ്: സൗദി അറേബ്യയിൽ ഹുറൂബിൽ അകപ്പെട്ടവർക്ക് ആശ്വാസം. തൊഴിലാളി ജോലിക്ക് ഹാജരാകുന്നില്ല, ജീവനക്കാരൻ ജോലിക്ക് വരുന്നതേയില്ല എന്നുള്ള തൊഴിലുടമ (സ്പോൺസർ) നൽകുന്ന പരാതിയിന്മേൽ സൗദി ജവാസത്ത് (പാസ്പോർട്ട് ഡയറക്ടറേറ്റ്) സ്വീകരിക്കുന്ന നിയമനടപടിയായ ‘ഹുറൂബി’ൽ ഉൾപ്പെട്ട പ്രവാസികളായ തൊഴിലാളികൾക്ക് രേഖകൾ നിയമാനുസൃതം കാലികമാക്കാൻ അവസരം. ഹുറൂബ് നീക്കി സ്വന്തം തൊഴിൽ പദവി ശരിയാക്കി നിയമാനുസൃതം ജോലി തുടരാനും മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റാനും 60 ദിവസത്തെ സമയപരിധി പ്രഖ്യാപിച്ചു.
2024 ഡിസംബർ 1 മുതൽ 2025 ജനുവരി 29 വരെ 60 ദിവസമാണ് പദവി ശരിയാക്കാനുള്ള ക്യാംപെയ്ൻ നടത്തുന്നത്. ഈ ദിവസങ്ങൾക്കുള്ളിൽ ഓൺലൈനായി ‘ഖിവ’ പോർട്ടൽ വഴി നടപടികൾ പൂർത്തീകരിച്ച് പദവി കാലികമാക്കണം. ഇത് സംബന്ധിച്ച് വിവരങ്ങളുമായി വിവിധ രാജ്യങ്ങളുടെ എംബസികൾക്ക് ബന്ധപ്പെട്ട സൗദി വകുപ്പ് സർക്കുലർ അയച്ചതായാണ് വിവരം.
2024 ഡിസംബർ 1-ന് മുമ്പ് ‘ഹുറൂബാ’യവർക്കാണ് അവസരം. ഹുറൂബായ തൊഴിലാളികളോട് ഈ അവസരം പ്രയോജനപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിൻ കാലയളവിൽ എസ്എംഎസുകൾ അയക്കും. അതേസമയം ഗാർഹിക തൊഴിലാളികൾ, ഹൗസ് ഡ്രൈവർമാർ എന്നിവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. തൊഴിലിടങ്ങളിൽ തൊഴിലാളി-തൊഴിലുടമ ബന്ധത്തിലെ സുസ്ഥിരത വർധിപ്പിക്കാനും തൊഴിലാളികൾക്ക് അവരുടെ സാഹചര്യം നിയമ ചട്ടങ്ങൾക്കനുസൃതമായി കാലികമായി ക്രമപ്പെടുത്താനും സേവനങ്ങൾ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറാനും ഒരു അധിക അവസരം നൽകുകയാണ് ക്യാംപെയിൻ ലക്ഷ്യമിടുന്നതെന്ന് സർക്കുലറിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
