കുവൈത്തില്‍ പുതിയ റസിഡന്‍സി നിയമം പ്രാബല്യത്തില്‍; നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

kuwait2

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ റസിഡന്‍സി നിയമം പ്രാബല്യത്തില്‍ വന്നു. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച പുതിയ കരട് റസിഡന്‍സി നിയമത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. റസിഡന്‍സി (ഇഖാമ) വീസകളുടെ അനധികൃത വില്‍പനക്കാര്‍ക്കുള്ള ശിക്ഷാ നടപടികളും കടുപ്പിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരപ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. സന്ദര്‍ശക വീസകളുടെ കാലാവധി 3 മാസമാക്കുകയും ചെയ്തു.

നിലവില്‍ ഒരു മാസമാണ് വിവിധ സന്ദര്‍ശക വീസകളുടെ കാലാവധി. താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റുകള്‍ മൂന്ന് മാസമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു വര്‍ഷം വരെ നീട്ടാന്‍ കഴിയും. റെഗുലര്‍ റസിഡന്‍സി പരിധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നാല് മാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്ത് താമസിക്കാന്‍ കഴിയില്ല. സ്വകാര്യ കമ്പനിയിലുള്ളവര്‍ക്ക് 6 മാസമാണ് കലാവധി.

റസിഡന്‍സി വീസകളുടെ അനധികൃത വില്‍പന തടയുക, പ്രവാസികളുടെ നാടുകടത്തല്‍ സംബന്ധിച്ച ചട്ടങ്ങള്‍ രൂപീകരിക്കുക, നിയമലംഘകര്‍ക്കുള്ള ശിക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ കരട് നിയമം. അംഗീകൃത ലൈസന്‍സില്ലാതെ അനധികൃതമായി പ്രവാസികളെ ജോലിക്ക് നിയമിക്കുകയോ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തി. ലൈസന്‍സില്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുക, ശമ്പളം പിടിച്ചുവെക്കുക എന്നിവക്കും വിലക്കുണ്ട്. അനധികൃതമായി കഴിയുന്നവര്‍ക്ക് താമസമോ ജോലിയോ നല്‍കുകയും വീടുകള്‍ വാടകയ്ക്ക് കൊടുക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഏതെങ്കിലും വീസ അല്ലെങ്കില്‍ റസിഡന്‍സി വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അക്കാര്യം ബന്ധപ്പെട്ട അധികൃതരെ സ്‌പോണ്‍സര്‍മാര്‍ നിര്‍ബന്ധമായും അറിയിച്ചിരിക്കണം.

പ്രവാസികളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ അല്ലെങ്കില്‍ കേടുപാട് സംഭവിക്കുകയോ ചെയ്താല്‍ അക്കാര്യം രണ്ടാഴ്ചക്കുള്ളില്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. ഹോട്ടലുകളിലോ ഫര്‍ണീഷ് ചെയ്ത താമസ സൗകര്യങ്ങളിലോ താമസിക്കുന്ന വിദേശികളായ അതിഥികള്‍ രാജ്യത്ത് പ്രവേശിക്കുന്നതും തിരികെ മടങ്ങുന്നതും സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അതേസമയം അനധികൃതമായി റസിഡന്‍സി വീസ കച്ചവടം ചെയ്താല്‍ 5 വര്‍ഷം വരെ തടവും 10,000 കുവൈത്തി ദിനാറുമാണ് പിഴ. റസിഡന്‍സി സമ്പ്രദായത്തെ ചൂഷണം ചെയ്താല്‍ 3 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും ചുമത്തും. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് പിഴയും തടവു കാലാവധിയും ഇരട്ടിയാകും. റസിഡന്‍സി ലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവും 1,200 ദിനാര്‍ വരെ പിഴയും ചുമത്തും. പ്രവാസികളെ നിയമവിരുദ്ധമായി ജോലിക്ക് നിയമിക്കുകയും ശമ്പള കുടിശ്ശിക നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്താല്‍ 2 വര്‍ഷം വരെ തടവും 10,000 ദിനാര്‍ വരെ പിഴയും ചുമത്തും. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചാല്‍ 3 വര്‍ഷം വരെ തടവും 3,000 ദിനാര്‍ വരെ പിഴയും ലഭിക്കും. സന്ദര്‍ശക വീസ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 2,000 ദിനാര്‍ വരെയാണ് പിഴ ചുമത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading