ഖത്തറില്‍ സ്വദേശിവല്‍ക്കരണം എട്ട് തൊഴില്‍ മേഖലകളില്‍; വ്യക്തമാക്കി തൊഴില്‍ മന്ത്രാലയം

lusail qatar

ദോഹ: ഖത്തറില്‍ തൊഴില്‍മേഖലയിലെ സ്വദേശിവല്‍ക്കരണം ഏതൊക്കെ മേഖലകളിലാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നിര്‍മ്മാണം, ലോജിസ്റ്റിക്സ്, ടൂറിസം, ഐടി, ധനകാര്യം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം എന്നീ മേഖലാ കൗണ്‍സിലുകള്‍ പ്രതിനിധീകരിക്കുന്ന എട്ട് തന്ത്രപ്രധാന മേഖലകളെയാണ് സ്വദേശിവല്‍ക്കരണ പദ്ധതി ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഖത്തറി പൗരന്മാര്‍ക്കും ഖത്തരി സ്ത്രീകളുടെ കുട്ടികള്‍ക്കും തൊഴില്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

ഖത്തരി പൗരന്മാര്‍ക്കും ഖത്തരി സ്ത്രീകളുടെ കുട്ടികള്‍ക്കും ശമ്പളം നല്‍കുന്ന ഒരു സാലറി സപ്പോര്‍ട്ട് പ്രോഗ്രാമും അവരെ സ്വകാര്യ മേഖലയില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അലവന്‍സുകള്‍, റിട്ടയര്‍മെന്റ് സംഭാവനകള്‍, സോഷ്യല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്കുള്ള പിന്തുണയും ഉള്‍പ്പെടുന്നതാണ് നടപടികള്‍.

അതേസമയം തൊഴില്‍ ദേശസാല്‍ക്കരണ പദ്ധതിക്ക് മുന്നോടിയായി സ്വകാര്യ മേഖലയുമായി കൂടിയാലോചിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് സ്വകാര്യ മേഖലയുമായി കൂടിയാലോചിച്ച് തൊഴില്‍ ദേശസാല്‍ക്കരണ പദ്ധതിക്ക് രൂപം നല്‍കുമെന്ന് തൊഴില്‍ മന്ത്രി അലി ബിന്‍ സ്‌മൈഖ് അല്‍ മാരി പറഞ്ഞു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ഇന്നലെ നടന്ന ‘2025-2026 ലേക്കുള്ള സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ ദേശസാല്‍ക്കരണം’ എന്ന ചര്‍ച്ചാ പാനലില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സൗകര്യങ്ങളും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന സമഗ്രമായ ദേശീയ പരിപാടി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ തൊഴിലാളികളെ വളരെ ഫലപ്രദമായ പാതയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളെ സ്വകാര്യമേഖലയ്ക്കായി ദേശസാല്‍ക്കരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അല്‍ മാരി വ്യക്തമാക്കി.

കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തടസ്സങ്ങള്‍ അടിച്ചേല്‍പ്പിക്കില്ല, സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് നിയമത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തൊഴില്‍ സേനയുടെ പങ്ക് ശക്തിപ്പെടുത്തുന്നതില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ പ്രാധാന്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നതായും അല്‍ മാരി ഉറപ്പുനല്‍കി. ഇതിനായി മന്ത്രാലയം സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹന പരിപാടികളുടെ ഒരു പാക്കേജ് പുറത്തിറക്കും.

ഇതിന്റെ ഭാഗമായി ദേശസാല്‍ക്കരണ ശ്രമങ്ങളില്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയ്ക്ക് ഖത്തര്‍ ദേശസാല്‍ക്കരണ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് കാബിനറ്റ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഇത് തൊഴിലവസരങ്ങള്‍ ദേശസാല്‍ക്കരിക്കാനുള്ള ശ്രമങ്ങളില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കിടയില്‍ നല്ല മത്സരാധിഷ്ഠിത പ്രോത്സാഹനമായി വര്‍ത്തിക്കുമെന്നും മന്ത്രി എടുത്തുപറഞ്ഞു. ജൂലൈയില്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണത്തിനായുള്ള പരീക്ഷണ ഘട്ടത്തില്‍ 63 സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ സ്വമേധയാ പങ്കാളിത്തം ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like