കൊച്ചി: സ്വര്‍ണപ്പണയത്തിന്റെ തിരിച്ചടവ് രീതി മാറ്റാന്‍ നീക്കം. വായ്പാക്കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നതിന് പകരം സ്വര്‍ണപ്പണയത്തില്‍ പ്രതിമാസ തിരിച്ചടവ് രീതി (ഇഎംഐ) മാത്രം ഏര്‍പ്പെടുത്താനാണ് ആലോചന.
സ്വര്‍ണപ്പണയ വായ്പാവിതരണം കുത്തനെ കൂടുകയും അതേസമയം ചില ധനകാര്യസ്ഥാപനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് കടുത്ത ആശങ്ക പങ്കുവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഎംഐ സൗകര്യം മാത്രം ഏര്‍പ്പെടുത്താനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നീക്കം.
ഇഎംഐ സംവിധാനം മാത്രം അനുവദിക്കുന്നതോടെ, സ്വര്‍ണപ്പണയ വായ്പകള്‍ പൂര്‍ണമായും ടേം ലോണ്‍ ആയി മാറും. അതായത്, മറ്റ് വായ്പകള്‍ തിരിച്ചടയ്ക്കുന്നതുപോലെ പ്രതിമാസ തവണകളായി (ഇഎംഐ) മുതലും പലിശയും തിരിച്ചടയ്ക്കണം. നിലവില്‍ ഈ സംവിധാനമുണ്ടെങ്കിലും മിക്ക ഇടപാടുകാരും അവസാനനിമിഷം പുതുക്കിവയ്ക്കുകയോ പണയപ്പണ്ടം തിരിച്ചെടുക്കുകയോ ചെയ്യുന്ന പ്രവണതയാണുള്ളത്. വാണിജ്യ ബാങ്കുകളില്‍ 75 ശതമാനത്തോളം സ്വര്‍ണപ്പണയ ഇടപാടുകാരും ഈ രീതിയാണ് നിലവില്‍ തുടരുന്നത്.
പലിശമാത്രം അടച്ചശേഷം മുതല്‍ അവസാനനിമിഷം അടയ്ക്കുക, ബുള്ളറ്റ് പേയ്‌മെന്റ് സൗകര്യം ഉപയോഗിച്ച് പലിശയും മുതലും അവസാനനിമിഷം ഒറ്റത്തവണയായി തിരിച്ചടയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും നിലവില്‍ നിരവധി പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതെല്ലാം ഒഴിവാക്കി, ഇഎംഐ മാത്രം അവതരിപ്പിക്കാനാണ് നിലവിലെ ആലോചന.
വായ്പാത്തിരിച്ചടവ് ഇഎംഐയിലേക്ക് ചുരുക്കുമ്പോള്‍ നിശ്ചിത തിരിച്ചടവ് കാലാവധിയുണ്ടാകും. ഇത് 3 വര്‍ഷമെങ്കിലും ലഭിച്ചേക്കാം. അക്കാലയളവില്‍ നിശ്ചിതതുക വീതം ഓരോ മാസവും തിരിച്ചടയ്ക്കണം. വായ്പ നല്‍കുമ്പോള്‍ സ്വര്‍ണം ഈട് നേടുന്നതിന് പുറമേ ഇടപാടുകാരന്റെ തിരിച്ചടവ് ശേഷിയും ഇനി ധനകാര്യസ്ഥാപനങ്ങള്‍ പരിശോധിച്ചേക്കും. അതായത്, ഈടുവസ്തുവായി സ്വര്‍ണമുണ്ടെന്നതുകൊണ്ട്, സ്വര്‍ണ വായ്പ നേടുക ഇനി എളുപ്പമായേക്കില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
