ദോഹ: ഖത്തറില്‍ വാട്ടര്‍ ടാക്‌സി ഉടന്‍. രാജ്യത്തെ ഗതാഗത രംഗത്ത് വന്‍ മാറ്റം കൊണ്ടുവരുന്ന വാട്ടര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതായി ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. അല്‍ വക്ര മുതല്‍ അല്‍ ഖോര്‍ വരെയുള്ള തീരദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായതായും മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ ബോട്ട് ഷോയുടെ ഭാഗമായി നടന്ന പരിപാടിയില്‍ ഗതാഗത മന്ത്രാലയം വാട്ടര്‍ ടാക്‌സി പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി പ്രഖ്യാപിച്ചു. ലുസൈല്‍ ഫെറി ടെര്‍മിനില്‍, പേള്‍ ഖത്തറിലെയും കോര്‍ണിഷിലെയും ഫെറി സ്റ്റോപ്പുകള്‍ എന്നിവ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കി. ഖത്തര്‍ ബോട്ട് ഷോയിലെ ഗാതഗത മന്ത്രാലയത്തിന്റെ പവിലിയനില്‍ വാട്ടര്‍ ടാക്‌സിയുടെ വിവരണവും ലുസെയ്ല്‍ ഫെറി ടെര്‍മിനലിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
2,200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ലുസെല്‍ ഫെറി ടെര്‍മിനല്‍ നിര്‍മ്മിച്ചിട്ടുള്ളത്. ലാന്‍ഡിങ് സ്റ്റേജ് ആയ 24 മീറ്റര്‍ നീളത്തിലെ ബാര്‍ജ് ഉള്‍പ്പെടുന്ന ടെര്‍മിലനില്‍ ഇലക്ട്രിക് ചാര്‍ജിങ് സൗകര്യങ്ങളുമുണ്ട്. പേള്‍, കോര്‍ണിഷ് എന്നിവടങ്ങളിലും ഫെറി സ്റ്റോപ്പുകള്‍ സജ്ജമാക്കി കഴിഞ്ഞു. ഇവിടെയും ഫെറികള്‍ ചാര്‍ജ് ചെയ്യാനും മറ്റുമായി ബാര്‍ജുകള്‍ തയാറാക്കിയിട്ടുണ്ട്. ടെര്‍മിനലില്‍ കാത്തിരിപ്പ് കേന്ദ്രം, ടിക്കറ്റ് സൗകര്യം, ഷോപ്പുകള്‍, ഓഫിസുകള്‍ തുടങ്ങിയ വിവിധ സേവന സൗകര്യങ്ങളും ഉള്‍പ്പെടുന്നു.
ഖത്തറിന്റെ ഗതാഗത, വിനോദസഞ്ചാര മേഖലയില്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന വാട്ടര്‍ ടാക്‌സി പദ്ധതി ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. 2022 ലാണ് അല്‍ വക്ര മുതല്‍ അല്‍ ഖോര്‍ വരെ ജലഗതാഗതം വഴി ബന്ധിപ്പിക്കുന്ന വാട്ടര്‍ ടാക്‌സി പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തില്‍ കത്താറ, ഓള്‍ഡ് ദോഹ പോര്‍ട്ട്, ഹമദ് വിമാനത്താവളം, അല്‍ വക്ര എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പൂര്‍ത്തിയാക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
