ദോഹ: കോര്‍പ്പറേറ്റ് ബോര്‍ഡുകളുടെ കാര്യക്ഷമതയില്‍ ആഗോളതലത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനം നേടി. സ്വിറ്റ്സ്വര്‍ലാന്‍ഡിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (ഐഎംഡി) പ്രസിദ്ധീകരിച്ച 2024-ലെ വേള്‍ഡ് കോംപറ്റിറ്റീവ്നസ് ബുക്ക്ലെറ്റിലാണ് ഖത്തര്‍ വീണ്ടും വിവിധ ആഗോള സൂചികകളില്‍ ശ്രദ്ധേയമായ റാങ്കിംഗ് സ്വന്തമാക്കിയത്.
ഉപഭോഗ നികുതി നിരക്കിലും വ്യക്തിഗത ആദായനികുതി നിരക്കിലും ഗവണ്‍മെന്റ് കാര്യക്ഷമത ഘടകത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉയര്‍ന്ന സ്ഥാനം നേടി. പബ്ലിക് ഫിനാന്‍സ് സൂചികയില്‍ ആഗോളതലത്തില്‍ ഖത്തര്‍ രണ്ടാം സ്ഥാനവും നേടി.
ബിസിനസ് കാര്യക്ഷമതയിലും അടിസ്ഥാന സൗകര്യ വികസനത്തിലും ആഗോളതലത്തില്‍ ഖത്തര്‍ മികച്ച നേട്ടം സ്വന്തമാക്കി. ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപഘടകങ്ങളിലും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും ഖത്തര്‍ ഉയര്‍ന്ന റാങ്ക് സ്വന്തമാക്കി.
ലോക രാജ്യങ്ങളുടെ മത്സരക്ഷമത റിപ്പോര്‍ട്ടില്‍ 67 രാജ്യങ്ങളില്‍ 11-ാം സ്ഥാനത്താണ് ഖത്തര്‍. കഴിഞ്ഞ വര്‍ഷം രാജ്യം 12-ാം സ്ഥാനത്തായിരുന്നു. സാമ്പത്തിക പ്രകടനത്തില്‍ രാജ്യം നാലാം സ്ഥാനവും സര്‍ക്കാര്‍ കാര്യക്ഷമതയില്‍ ഏഴാം സ്ഥാനവും ബിസിനസ് കാര്യക്ഷമതയില്‍ 11-ാം സ്ഥാനവും അടിസ്ഥാന സൗകര്യവികസനത്തില്‍ 33-ാം സ്ഥാനവും നേടി.
അതേസമയം, നാഷണല്‍ പ്ലാനിംഗ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഖത്തറിലെ ബാങ്കിംഗ് മേഖലയില്‍, വാണിജ്യ ബാങ്ക് നിക്ഷേപങ്ങളില്‍ 6.3 ശതമാനം വര്‍ധനയുണ്ടായി. വാണിജ്യ ബാങ്കുകളിലെ ഖത്തറിന്റെ പൊതുമേഖലാ നിക്ഷേപം ഏപ്രിലില്‍ 372.9 ബില്യണ്‍ റിയാലിലെത്തി. പ്രതിമാസം 0.9 ശതമാനവും പ്രതിവര്‍ഷം 11.7 ശതമാനവും ഉയര്‍ന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
