കൊച്ചി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വഴി ഇനി വളര്‍ത്തുമൃഗങ്ങളെ കൊണ്ട് പോകാം. വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള സൗകര്യം വിമാനത്താവളത്തില്‍ നിലവില്‍ വന്നു. ലാസ അപ്‌സോ ഇനത്തില്‍പ്പെട്ട ലൂക്ക എന്ന നായ്ക്കുട്ടി കൊച്ചിയില്‍ നിന്ന് ആദ്യമായി കടല്‍ കടന്നു. കൊച്ചിയില്‍ നിന്ന് ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ദോഹയിലൂടെ ദുബായിലേക്കാണ് ലൂക്ക പറന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ രാജേഷ് സുശീലന്‍-കവിത രാജേഷ് ദമ്പതിമാരുടെ വളര്‍ത്തുമൃഗമാണ് ലൂക്ക.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷന്‍, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്ററിനറി ഡോക്ടര്‍മാര്‍, കസ്റ്റംസ് ക്ലിയറന്‍സ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടുവരുന്നവര്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയും വളര്‍ത്തുമൃഗങ്ങളുടെ യാത്രയ്ക്കായി വിമാനത്താവളം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ‘പെറ്റ് എക്സ്‌പോര്‍ട്ട്’ അനുമതി ലഭിച്ചതോടെയാണ് വളര്‍ത്തുമൃഗങ്ങളുടെ യാത്ര സുഗമമായത്. ഇതോടെ ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറുകയും ചെയ്തു.
